ഗുസ്തി താരങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ പ്രതിഷേധ പരിപാടി മാറ്റിവെച്ച് ഭാരതീയ കിസാന്‍ യൂണിയന്‍. ജൂണ്‍ ഒമ്പതിന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള ബികെയുവും മറ്റ് ഖാപ് നേതാക്കളും തീരുമാനിച്ചിരുന്നത്. ജൂണ്‍ 3 ന് ആയിരുന്നു റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടി തേടി ഗുസ്തി താരങ്ങള്‍ അമിത് ഷായെ കണ്ടത്.
‘ഗുസ്തി താരങ്ങളെ പിന്തുണയ്ക്കുന്നതിനാണ് പ്രതിഷേധം നടത്തേണ്ടിയിരുന്നത്. താരങ്ങളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയുടെ ഫലത്തെ ആശ്രയിച്ചായിരിക്കും പ്രതിഷേധം. നിലവില്‍ താരങ്ങളുടെ അടുത്ത നടപടിയെ ആശ്രയിച്ച് പ്രതിഷേധം നടത്തുന്നതിനുള്ള അടുത്ത തീയതി പ്രഖ്യാപിക്കും.”, രാകേഷ് ടികായത്ത് അറിയിച്ചു.
നേരത്തെ, ലൈംഗികാതിക്രമ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ ജൂണ്‍ 9ന് മുമ്പ് അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന് അദ്ദേഹം അന്ത്യശാസനം നല്‍കിയിരുന്നു. ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂണ്‍ 9ന് ജന്തര്‍മന്തറില്‍ പോയി രാജ്യത്തുടനീളം പഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ജൂണ്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടന്ന ഖാപ് മഹാപഞ്ചായത്ത് പ്രതിനിധി സംഘം ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണുമെന്നും തീരുമാനിച്ചു.