ഗാന ഗന്ധർവ്വൻ യേശുദാസിന് 83-ാം പിറന്നാൾ

0
65

ഗാനഗന്ധർവൻ കെ ജെ യേശുദാസിന് (KJ Yesudas) 83-ാം പിറന്നാൾ. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കയാണ് മലയാളികളുടെ സ്വന്തം ദാസേട്ടന്‍. എണ്‍പത്തിമൂന്നാം വയസിലും തന്റെ സംഗീതയാത്ര അഭംഗുരം തുടരുകയാണ് ഡോ കെ ജെ യേശുദാസ്.

1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിലെ ഒരു റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ കൊച്ചു ദാസപ്പനെയും പിതാവിനെപ്പോലെ ഭാഗവതർ എന്നു വിളിച്ചു. ദാസപ്പൻ ഭാഗവതർ എന്നും കാട്ടാശേരി കൊച്ചുഭാഗവതർ എന്നുംഅദ്ദേഹത്തിന് വിളിപ്പേര് ഉണ്ടായി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ്‌ എന്നിവിടങ്ങളിൽ സംഗീത വിദ്യാഭ്യാസം നടത്തി.

ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.

സംഗീത പഠനം കഴിഞ്ഞയുടൻ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. എന്നാൽ അതുകൊണ്ടൊന്നും അദ്ദേഹം പിന്മാറിയില്ല. 1961 നവംബർ 14ന് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തു. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി.

സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്‌) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടു കണ്ടത്‌ യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്‌.
\
പിന്നീടങ്ങോട്ട് യേശുദാസ് യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലുംയേശുദാസ് പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ഏറ്റവുമധികം തവണ നേടിയിട്ടുള്ളത് യേശുദാസ് ആണ്. കേരള, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കി.

പ്രിയ ഗാനഗന്ധർവന് ആശംസയുമായി ആരാധകരും സംഗീത സിനിമാ മേഖലയിൽ നിന്നുള്ളവരും എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here