കുറ്റിപ്പുറം • ആറുവരിപ്പാതയുടെ ഭാഗമായി ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ രണ്ടാംഘട്ട ജോലികൾ തുടങ്ങി. പാലത്തിന്റെ പ്രധാന തൂണുകൾക്ക് മുകളിലെ പിയർ ക്യാപിന്റെ നിർമാണമാണ് ആരംഭിച്ചത്. പുതിയ ആറുവരിപ്പാലത്തിനായി നിലവിലെ പാലത്തിന് വടക്കു ഭാഗത്ത് 2 വരികളിലായി 14 പ്രധാന തൂണുകൾ ഉയർന്നു.
ഈ തൂണുകൾക്കു മുകളിലെ പിയർ ക്യാപുകളുടെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. പിയർ ക്യാപുകൾക്ക് മുകളിൽ സ്ഥാപിക്കാനുള്ള വലിയ കോൺക്രീറ്റ് ബീമുകളും പാലത്തിന് സമീപത്തെ നിർമാണ ശാലയിൽ തയാറായി തുടങ്ങി. പിയർ ക്യാപുകളുടെ നിർമാണം പൂർത്തിയായാൽ ബീമുകൾ സ്ഥാപിച്ചു തുടങ്ങും.
ഇതോടെ പാലത്തിന്റെ പ്രധാന ജോലികൾ പൂർത്തിയാകും. ജനുവരിയിലാണ് പാലത്തിന്റെ പൈലിങ് ആരംഭിച്ചത്. 6 മാസം പിന്നിടുമ്പോൾ ഭൂമിക്ക് അടിയിലായി 126 തൂണുകളും ഇവയ്ക്ക് മുകളിലായി 14 തൂണുകളുമാണ് പൂർത്തിയായത്. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരാത്തതിനാൽ ജോലി തടസ്സപ്പെട്ടിട്ടില്ല.