മണ്ണിലെ വിഷാംശം തിന്ന് ജീവിക്കുന്ന ബാക്ടരീയയെ ഐഐടി ബോംബെയിലെ ഗവേഷകര്‍ കണ്ടെത്തി.

0
50

ഈ ബാക്ടീരിയകള്‍ക്ക് സഹായകരമായ പോഷകങ്ങള്‍ ഉപോല്‍പ്പന്നമായി ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. പ്രകൃതിവിഭവങ്ങളുടെ വര്‍ധിച്ചുവരുന്ന മലിനീകരണം തടയുന്നതിനായി വിഷ രാസവസ്തുക്കളും മാലിന്യങ്ങളും ഭക്ഷിക്കുന്ന ബാക്ടീരിയകളെക്കുറിച്ച് ഗവേഷകരുടെ നേതൃത്വത്തില്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഐടി ബോംബെ അറിയിച്ചു.

മണ്ണില്‍നിന്ന് ജൈവ മലിനീകരണം നീക്കം ചെയ്യുന്നതിന് നിര്‍ദിഷ്ട ബാക്ടീരിയകളുപയോഗിച്ചതായി എന്‍വിയോണ്‍മെന്റൽ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍(Environmental Technology & Innovation) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അവര്‍ വ്യക്തമാക്കി. ഈ ബാക്ടീരിയകള്‍ സസ്യങ്ങളുടെ വളര്‍ച്ചാ ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കാനും ദോഷകരമായ ഫംഗസുകളുടെ വളര്‍ച്ച തടയാനും സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കീടനാശികളിൽ അടങ്ങിയ സുഗന്ധമുള്ള സംയുക്തങ്ങളില്‍ നിന്നുള്ള മണ്ണ് മലിനീകരണം കാര്‍ഷിക വ്യവസായത്തിലെ വെല്ലുവിളികളിലൊന്നാണ്. ഈ സംയുക്തങ്ങള്‍ വിഷാംശമുള്ളവയാണ്. അത് വിത്ത് മുളയ്ക്കുന്നത് തടയുകയും ചെടികളുടെ വളര്‍ച്ച മുരടിപ്പിക്കുകയും വിളവ് കുറയ്ക്കുകയും ചെയ്യും. കൂടാതെ, ഈ വിഷാംശം വിത്തുകളിലും സസ്യങ്ങളിലും അടിഞ്ഞ് കൂടുകയും ചെയ്യും.

‘‘കാര്‍ബറില്‍, നഫ്താലിന്‍, ബെന്‍സോയേറ്റ്, താലേറ്റുകള്‍ തുടങ്ങിയ നിരവധി സുഗന്ധ സംയുക്തങ്ങള്‍ കീടനാശികള്‍ തയ്യാറാക്കുമ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, തുണിത്തരങ്ങള്‍, നിര്‍മാണ വസ്തുക്കൾ, ഭക്ഷണങ്ങള്‍, ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റീവുകള്‍, ചായങ്ങള്‍, പെട്രോളിയം, പ്ലാസ്റ്റിക് എന്നിവ നിര്‍മിക്കുന്ന വ്യവസായശാലകളും നിരവധി ഉപോല്‍പ്പന്നങ്ങള്‍ പുറത്തുവിടുന്നുണ്ട്.

മണ്ണ് നീക്കം ചെയ്യുക അല്ലെങ്കില്‍ കെമിക്കല്‍ ട്രീറ്റ് മെന്റ് എന്നിവയാണ് ഇവയ്ക്കുള്ള പരമ്പരാഗത പരിഹാര മാര്‍ഗങ്ങള്‍. ഇത് താരതമ്യേന ചെലവേറിയതും അതേസമയം, പൂര്‍ണമായും പരിഹാരം കണ്ടെത്താന്‍ കഴിയാത്തവയുമാണ്,’’ ഐഐടി ബോംബെ പറഞ്ഞു.ഈ പ്രശ്‌നത്തിന് പരിഹാരമായാണ് മണ്ണിലെ വിഷാംശം തിന്ന് നശിപ്പിക്കുന്ന ബാക്ടീരിയയെ ഐഐടി ബോംബെയിലെ ഗവേഷകര്‍ കണ്ടെത്തിയത്. സ്യൂഡോമോണസ്, അസിനെറ്റോബാക്ടര്‍ എന്നിവയില്‍ നിന്നുള്ള ചില ബാക്ടീരിയല്‍ വര്‍ഗങ്ങള്‍ സുഗന്ധമുള്ള സംയുക്തങ്ങളെ നശിപ്പിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതായി അവര്‍ കണ്ടെത്തി.

‘‘ഈ ബാക്ടീരിയകളെ മലിനമായ മണ്ണില്‍ നിന്നും കാര്‍ഷിക മേഖലയില്‍ നിന്നുമാണ് വേര്‍തിരിച്ചെടുക്കുന്നത്. ഇവ മലിനവസ്തുക്കള്‍ ഭക്ഷിക്കുകയും അവയെ ലളിതവും നിരുപദ്രവകരവും വിഷരഹിതവുമായ സംയുക്തങ്ങളായി വിഘടിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഇവ മലിനമായ ചുറ്റുപാടുകളെ പ്രകൃതിദത്തമായി തന്നെ വൃത്തിയാക്കുന്നു,’’ ഐഐടി ബോംബെയിലെ ബയോസന്‍സസ് ആന്‍ഡ് ബയോ എഞ്ചിനീയറിംഗ് വകുപ്പ് പ്രൊഫസര്‍ പ്രശാന്ത് ഫാലെ പറഞ്ഞു.

ഈ ബാക്ടീരിയകള്‍ ഫോസ്ഫറസ്, പൊട്ടാസ്യം, തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ലയിക്കാത്ത രൂപങ്ങളെ ലയിക്കുന്ന രൂപങ്ങളാക്കി മാറ്റുകയും സസ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നതായി കണ്ടെത്തി. പോഷകങ്ങള്‍ കുറവായ അന്തരീക്ഷത്തില്‍ സസ്യങ്ങളെ ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന സൈഡറോഫോറുകള്‍ എന്ന വസ്തുക്കളും ഇവ ഉത്പാദിപ്പിക്കുന്നു. ഇതിന് പുറമെ ഈ ബാക്ടീരിയകള്‍ ഇന്‍ഡോലെസെറ്റിക് ആസിഡ് എന്ന ഉയര്‍ന്ന അളവിലുള്ള വളര്‍ച്ചാ ഹോര്‍മോണുകളും ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ചെടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായകരമായി മാറുന്നു.

‘‘ഈ ബാക്ടീരിയകള്‍ മണ്ണിനെ വൃത്തിയാക്കുമ്പോള്‍ ചെടികള്‍ ആരോഗ്യത്തോടെ വളരാനും മണ്ണിലെ വളക്കൂറ് വര്‍ധിപ്പിച്ച് മണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു,’’ പ്രൊഫ. ഫാലെ കൂട്ടിച്ചേര്‍ത്തു.സ്യൂഡോമോണസ്, അസിനിറ്റോബാക്ടര്‍ വര്‍ഗങ്ങളില്‍പ്പെട്ട ബാക്ടീരിയകളുടെ മിശ്രിതം ഉപയോഗിക്കുമ്പോള്‍ ഗോതമ്പ്, ചെറുപയര്‍, ചീര, ഉലുവ എന്നിവ വേഗത്തില്‍ വളര്‍ച്ച കൈവരിച്ചതായും വിളവ് 40 മുതല്‍ 50 ശതമാനം വരെ വര്‍ധിച്ചതായും ഗവേഷകര്‍ കണ്ടെത്തി.

‘‘ചില പ്രതിസന്ധികള്‍ നല്ലതായി മാറും, ചിലത് മലിനമായ വസ്തുക്കളെ വിഘടിപ്പിക്കുന്നു. ചിലത് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കുന്നു. അല്ലെങ്കില്‍ രോഗങ്ങള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്നു. ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന ബാക്ടീരിയകളുടെ ഒരു സംഘത്തെ ഞങ്ങള്‍ സൃഷ്ടിച്ചു. ഇവ ഒന്നിച്ച് നിന്ന് ഓരേ സമയം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി,’’ ഫാലെ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here