‘ഒന്നിച്ചിരുന്നാണു പഠിച്ചത്, ഒന്നിച്ചു ജോലി കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ 15 പേരും ജോലി നേടിയതിന്റെ സന്തോഷം ഏറെയുണ്ട്’–മൗതമ്മ ടീച്ചറുടെ ഈ വാക്കുകളിൽ പങ്കുവയ്ക്കലിന്റെ വലിയൊരു സന്ദേശമുണ്ട്. ഒപ്പം പരിശീലിച്ച കൂട്ടുകാർക്കുവേണ്ടി യുപിഎസ്ടി അധ്യാപക റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവായി എൽപിഎസ്ടി ജോലി മതിയെന്നു തീരുമാനിക്കുകയായിരുന്നു, ഇടുക്കി വണ്ടിപ്പെരിയാറിലെ 9 അധ്യാപകർ.
യുപിഎസ്ടി (തമിഴ്) ആദ്യ 15 റാങ്കിൽ ഉൾപ്പെട്ട ഐ.വിജിത, കെ.മൗതമ്മ, കെ.ഹെലീന, എൻ.കലൈമകൾ, ടി.എസ്.സുജ, എൻ.ദീപ, വി.ദീപ എന്നിവരാണ് ആ റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ സന്നദ്ധത അറിയിച്ച് പിഎസ്‍സിക്ക് ആദ്യം കത്തു നൽകിയത്. പിറകെ 2 പേർകൂടി ജോലി വേണ്ട എന്നറിയിച്ചു. ഇതോടെ ഈ ലിസ്റ്റിലെ മറ്റ് 6 പേർക്കു ജോലി കിട്ടാൻ അവസരമൊരുങ്ങി. അങ്ങനെ ഒരേ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നിച്ചു തയാറെടുത്ത 15 പേരും ജോലിക്കാരായി.
വണ്ടിപ്പെരിയാറിലെ കെഎംജി കോച്ചിങ് സെന്ററിൽ ഗണേശൻ സാറിന്റെ മേൽനോട്ടത്തിൽ തമിഴ് മീഡിയത്തിൽ പഠിച്ച 15 കൂട്ടുകാരികളും എൽപിഎസ്ടി, യുപിഎസ്ടി പരീക്ഷകൾക്കു റജിസ്റ്റർ ചെയ്തിരുന്നു. ഞായറാഴ്ചകളിൽ ക്ലാസിനെത്തും. മറ്റു ദിവസങ്ങളിൽ ഓൺലൈനായി കംബൈൻഡ് സ്റ്റഡി.
2021 ജനുവരിയിൽ എൽപിഎസ്ടി റാങ്ക് ലിസ്റ്റ് വന്നപ്പോൾ റാങ്ക് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലെത്തിയവർ ആ ജൂലൈയിൽ ജോലിക്കു കയറി. 2022 മേയിലാണു യുപിഎസ്ടി പട്ടിക വന്നത്. നേരത്തേ എൽപി അധ്യാപകരായി ജോലി കിട്ടിയ 7 പേർ യുപി പട്ടികയിലും ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്നു. 34 ഒഴിവാണ് ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. എൽപി റാങ്ക് ലിസ്റ്റിൽ ജോലി കിട്ടാത്ത കൂട്ടുകാരികൾ റാങ്ക് ലിസ്റ്റിൽ 34നു മുകളിലായിരുന്നു. തങ്ങൾ ഈ ജോലി സ്വീകരിച്ചാൽ കൂട്ടുകാരികൾക്ക് അവസരം ലഭിക്കില്ലെന്നു മനസ്സിലാക്കി എൽപിയിൽ ജോലിക്കു കയറിയവർ യുപിഎസ്ടി ലിസ്റ്റിൽനിന്നു പിൻമാറാൻ തീരുമാനിച്ചു. രണ്ടു ഘട്ടമായി 9 പേർ പിൻവാങ്ങിയതോടെ സൗഹൃദക്കൂട്ടായ്മയിലെ 6 പേർ യുപിഎസ്ടി റാങ്ക് പട്ടികയ്ക്ക് ഉള്ളിലായി. ഈ മാസം ഇവർക്കും അഡ്വൈസ് മെമ്മോ ലഭിച്ചു. ഇതോടെ, ഒന്നിച്ചു തയാറെടുത്ത 15 പേർക്കും ജോലി ഉറപ്പായതിന്റെ സന്തോഷം അലയടിച്ചു. വണ്ടിപ്പെരിയാർ, ഏലപ്പാറ, പീരുമേട് മേഖലകളിലെ തമിഴ് മീഡിയം സ്കൂളുകളിലാണ് ഇവരെല്ലാം ഇപ്പോൾ ജോലി ചെയ്യുന്നത്.