ഗോവയില്‍ കൂറുമാറ്റത്തിന് എംഎല്‍എമാർക്ക് വന്‍ വാഗ്ദാനമെന്ന് ഗിരീഷ് ചോദങ്കർ

0
91

പനാജി: ബി ജെ പിയിൽ ചേരാൻ കോണ്‍ഗ്രസ് എം എൽ എമാർക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ രംഗത്ത്. മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ നേതൃത്വത്തിൽ കുറഞ്ഞത് ആറ് എം എൽ എമാരെങ്കിലും ബി ജെ പി ക്യാമ്പിൽ ചേരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുന്‍ പി സി സി അധ്യക്ഷന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ബി ജെ പിക്ക് വേണ്ടി വ്യവസായികളും കൽക്കരി മാഫിയയും കോൺഗ്രസ് നിയമസഭാംഗങ്ങളെ വിളിക്കുന്നുണ്ടെന്നും ചോദങ്കർ ആരോപിക്കുന്നു.

ബി ജെ പിയുടെ വാഗ്ദാനം സംബന്ധിച്ച് കോൺഗ്രസിന്റെ ഗോവ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവുവിനോട് ബന്ധപ്പെട്ട ചില എംഎൽഎമാർ ഇക്കാര്യം വെളിപ്പെടുത്തിയതായും ചോദങ്കർ വ്യക്തമാക്കി. ജനാധിപത്യത്തിന് നിരക്കാത്ത കാര്യങ്ങളാണ് ഗോവയില്‍ വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആരോപണങ്ങൾ തള്ളി ബി ജെ പി നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. എം‌ എൽ‌ എമാരെ സമീപിച്ച് ബി ജെ പി പണം വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് തനവാഡെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. “ഇതാണ് അവർ എല്ലാക്കാലത്തും ചെയ്തുവരുന്നത്, ഇത്തരം ആരോപണങ്ങളില്‍ യാതൊരു കഴമ്പും ഇല്ല. കോൺഗ്രസിലെ ആശയക്കുഴപ്പവുമായി ഗോവ ബി ജെ പിക്ക് ഒരു ബന്ധവുമില്ല, ഇക്കാര്യത്തിൽ ഞങ്ങളുടെ പാർട്ടിയിൽ നിന്നും ഒരു നീക്കവും ഉണ്ടായിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here