ചെന്നൈ: എഐഎഡിഎംകെയുടെ നിയന്ത്രണം പൂര്‍ണമായി എടപ്പാടി പളനിസ്വാമിയിലേക്ക് എത്തുന്നു. എതിര്‍പ്പുമായി രംഗത്തെത്തിയ ഒ പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇന്ന് രാവിലെ 9.15ന് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാന്‍ പളനിസ്വാമി വിഭാഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇത് തടയണം എന്നാവശ്യപ്പെട്ടാണ് പനീര്‍ശെല്‍വം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്ന് രാവിലെ 9 മണിക്ക് പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായി പളനിസ്വമിയിലേക്ക് എത്തും.
2500 അംഗങ്ങള്‍ ഉള്‍പ്പെട്ട ജനറല്‍ അസംബ്ലിയില്‍ കൂടുതല്‍ പേരും പളനിസ്വാമി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകണം എന്നാണ് വാദിക്കുന്നത്. പനീര്‍ശെല്‍വത്തിനെ അവര്‍ തള്ളുന്നു. ഇതുവരെ ഇരു നേതാക്കള്‍ക്കും തുല്യ നേതൃപദവിയാണുണ്ടായിരുന്നത്. ഇത് പാര്‍ട്ടിയെ തളര്‍ത്തുകയാണ് ചെയ്തതെന്നും ശക്തനായ ഒരു നേതാവ് മതിയെന്നും പളനിസ്വാമിയെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. കഴിഞ്ഞ ജനറല്‍ അസംബ്ലി കൈയ്യാങ്കളിയിലും ബഹളത്തിലും കലാശിച്ചിരുന്നു. പനീര്‍ശെല്‍വത്തിനെതിരെ കുപ്പിയെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇന്ന് ജനറല്‍ അസംബ്ലി നടക്കുന്ന ഹാളിന് മുമ്പില്‍ ഇരുപക്ഷവും ഏറ്റുമുട്ടിയിരുന്നു. കോടതി ഉത്തരവ് പളനിസ്വാമിക്ക് അനുകൂലമായതോടെ പോലീസ് സുരക്ഷ യോഗത്തിനുണ്ടാകും. ജയലളിതയുമായി വളരെ അടുപ്പം നിലനിര്‍ത്തിയിരുന്ന നേതാവായിരുന്നു പനീര്‍ശെല്‍വം. കെവി ശശികലയ്ക്ക് താല്‍പ്പര്യമുള്ള നേതാവ് കൂടിയാണ് പനീര്‍ശെല്‍വം. അദ്ദേഹം എഐഎഡിഎംകെയ്ക്ക് പുറത്താകുന്നതോടെ ശശികല പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്തി അടുത്ത രാഷ്ട്രീയ നീക്കം നടത്തുമെന്നാണ് കരുതുന്നത്. എഐഎഡിഎകെ വിവിധ ചേരിയായി പിരിഞ്ഞിരിക്കുകയാണിപ്പോള്‍. ശശികല, പളനിസ്വാമി, പനീര്‍ശെല്‍വം എന്നിവര്‍ക്കൊപ്പമെല്ലാം അണികളുണ്ട്. കോ ഓഡിനേറ്റര്‍, ജോയിന്റ് കോ ഓഡിനേറ്റര്‍ എന്നീ പദവിയിലുള്ളവര്‍ക്കാണ് ജനറല്‍ അസംബ്ലി വിളിക്കാന്‍ കഴിയുക എന്ന് പനീര്‍ശെവത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. പുതിയ പ്രിസീഡിയം ചെയര്‍മാന്‍ വിളിച്ച യോഗം ചട്ടവിരുദ്ധമാണെന്നും ഇവര്‍ പറയുന്നു. പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്ത് നിന്നും നീക്കുമെന്നാണ് വിവരം. പനീര്‍ശെല്‍വത്തിന് പദവികള്‍ ഇല്ലാതിരുന്നാല്‍ സ്വാഭാവികമായും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പുതിയ പാര്‍ട്ടിയുണ്ടാകുന്നതിനോ കോടതി നടപടികളിലേക്കോ കടക്കാനാണ് സാധ്യത. ശശികല അവസരം മുതലെടുക്കാന്‍ ശ്രമിച്ചാല്‍ പുതിയ ചേരി കൂടി രൂപപ്പെടും.