2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ ഹുസൈന്‍ റാണയെ വ്യാഴാഴ്ച യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. 2011ല്‍ വിഷയത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്. ഭീകരാക്രമണത്തിലെ പ്രധാന പ്രതിയെ നിരപരാധിയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചത് വിദേശനയത്തിലുണ്ടായ വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. അന്ന് ട്വിറ്റര്‍ എന്ന് അറിയപ്പെട്ടിരുന്ന എക്‌സിലെ പോസ്റ്റിനെ ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പ്രശംസിക്കുകയും ഷെയര്‍ ചെയ്യുകയുമാണ്.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ റാണയെ 2011ൽ അമേരിക്ക കുറ്റവിമുക്തനാക്കിയതിന് ശേഷം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു.
”മുംബൈ ഭീകരാക്രമണത്തില്‍ തഹാവൂര്‍ റാണയെ നിരപരാധിയായി പ്രഖ്യാപിച്ച യുഎസ് നടപടി ഇന്ത്യയുടെ പരമാധികാരത്തെ അപമാനിക്കലാണ്. ഇത് വിദേശനയത്തിന്മേലുള്ള വലിയ തിരിച്ചടിയാണ്,” മോദി ട്വീറ്റു ചെയ്തു.