ചാർജ് ചെയ്യുന്ന ഫോണിന്റെ അരികിൽ കിടന്നുറങ്ങുന്നതിന്റെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ആപ്പിൾ. ഒരു സർവീസ് അറിയിപ്പിലൂടെ ആപ്പിൾ, ശരിയായ രീതിയിലുള്ള ഫോൺ ചാർജിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും, ചാർജിംഗ് കേബിളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണിനരികിൽ ഉറങ്ങുന്നതുമായി ബന്ധപ്പെട്ടതിന്റെ അപകടസാധ്യതകൾ എടുത്തുകാണിക്കുകയും ചെയ്യുന്നു.
തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകൾ അല്ലെങ്കിൽ ഫോണിനും വസ്‌തുവകകൾക്കും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ അപകടങ്ങൾ ഒഴിവാക്കുന്നതിന്, നല്ല വെന്റിലേഷൻ ഉള്ള ഭാഗത്ത് മാത്രം അവരുടെ ഫോണുകൾ ചാർജ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആപ്പിൾ ഉപയോക്താക്കളോട് ഉപദേശിക്കുന്നു.
ഉപകരണം അമിതമായി ചൂടാകാനുള്ള സാധ്യത കൂടുതലായതിനാൽ പുതപ്പിനോ തലയിണയ്ക്കോ അടിയിൽ ഫോൺ ചാർജ് ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകുന്നു.
“ഇലക്ട്രോണിക് ഉപകരണം, പവർ അഡാപ്റ്റർ, അല്ലെങ്കിൽ വയർലെസ് ചാർജർ എന്നിവയ്ക്ക് അരികിൽ ഉറങ്ങരുത്, പവർ സ്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുമ്പോൾ അവയെ പുതപ്പ്, തലയിണ അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തിന് കീഴിൽ വയ്ക്കുന്നത് എപ്പോഴും ഒഴിവാക്കുക.” ഐഫോണുകൾ, പവർ അഡാപ്റ്ററുകൾ, വയർലെസ് ചാർജറുകൾ എന്നിവ എപ്പോഴും നന്നായി വായുസഞ്ചാരമുള്ള ഇടങ്ങളിൽ ഉപയോഗിക്കുകയോ ചാർജ് ചെയ്യുകയോ ചെയ്യണമെന്നും കമ്പനി ശുപാർശ ചെയ്യുന്നു.
ആപ്പിളിന്റെ ഔദ്യോഗിക ഉൽപ്പന്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്ത മൂന്നാം കക്ഷി ചാർജറുകൾ, പ്രത്യേകിച്ച് വിലകുറഞ്ഞ ബദലുകൾ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളും ആപ്പിൾ കൂടുതലായി എടുത്തുകാണിക്കുന്നു. ഈ ആശങ്ക പരിഹരിക്കുന്നതിന്, അന്താരാഷ്‌ട്ര സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്ന കേബിളുകൾ തിരഞ്ഞെടുക്കാൻ ആപ്പിൾ ഉപയോക്താക്കളെ ഉപദേശിക്കുന്നു.
യുഎസ്ബി 2.0 അല്ലെങ്കിൽ അതിനുശേഷമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതും പ്രസക്തമായ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതുമായ തേർഡ്-പാർട്ടി കേബിളുകളും പവർ അഡാപ്റ്ററുകളും ഉപയോഗിച്ച് ഐഫോൺ ചാർജ് ചെയ്യാൻ സാധിക്കുമെങ്കിലും, മറ്റ് അഡാപ്റ്ററുകൾ ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇത് അപകടസാധ്യതകൾ ണ്ടാക്കുമെന്ന് കമ്പനി വിശദീകരിക്കുന്നു.
ഈർപ്പമുള്ള ഇടങ്ങളിൽ ഫോൺ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും, കേടായ ചാർജറുകൾ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കമ്പനി എടുത്തുകാണിക്കുന്നു. ഏറ്റവുമൊടുവിലായി അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം പാലിച്ചുകൊണ്ട് സുരക്ഷയ്ക്ക് മുൻഗണന നൽകുക എന്നതാണ് ആപ്പിളിന്റെ ഉപദേശം.