ബ്വേനസ് എയ്റിസ്: ഭാവിയിലെ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും പിറവിയെടുക്കുന്ന അണ്ടര്‍ 20 ലോകകപ്പ് ഫുട്ബാളിന് ഇന്ന് അര്‍ജന്റീനയില്‍ തുടക്കം.
ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30ന് ഗ്വാട്ടമാലയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.
ഇതേസമയത്ത് യു.എസ്.എ എക്വഡോറിനെ നേരിടും. ആതിഥേയരായ അര്‍ജന്റീന ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 2.30ന് ഉസ്ബകിസ്താനെ നേരിടും. ഫിജിയും സ്ലോവാക്യയും മറ്റൊരു മത്സരത്തില്‍ ഏറ്റുമുട്ടും. നാല് നഗരങ്ങളിലായാണ് ടൂര്‍ണമെന്റ്. ജൂണ്‍ 11നാണ് ഫൈനല്‍.
2021ല്‍ ഇന്തോനേഷ്യയില്‍ നടക്കേണ്ടിയിരുന്ന 23ാമത് അണ്ടര്‍ 20 ലോകകപ്പ് കോവിഡ് കാരണം ഈ വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. എന്നാല്‍, ഇസ്രായേല്‍ പങ്കെടുക്കുന്നതിനെതിരെ രാജ്യത്ത് പ്രക്ഷോഭമുയര്‍ന്നതോടെ ഇന്തോനേഷ്യ കഴിഞ്ഞ മാര്‍ച്ചില്‍ പിന്മാറി. തുടര്‍ന്നാണ് അര്‍ജന്റീനയില്‍ പെട്ടെന്ന് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചത്.
നിലവിലെ ജേതാക്കളായ യുക്രെയ്ന്‍ യുദ്ധക്കെടുതിയിലായതിനാല്‍ പങ്കെടുക്കുന്നില്ല. യൂറോപ്യന്‍ ജേതാക്കളായ ഇംഗ്ലണ്ട്, ലാറ്റിനമേരിക്കന്‍ മേഖലയില്‍ ജേതാക്കളായ ബ്രസീല്‍, ആഫ്രിക്ക കപ്പ് ജയിച്ച സെനഗാള്‍ എന്നിവരാണ് ഈ ലോകകപ്പിലെ കരുത്തര്‍. ആറ് തവണ ലോകകപ്പ് നേടിയ അര്‍ജന്റീന ഇത്തവണ യോഗ്യത നേടിയിരുന്നില്ല.
അവസാന നിമിഷം ആതിഥേയത്വത്തിന് സമ്മതം മൂളിയതിനാല്‍ അവസരം ലഭിക്കുകയായിരുന്നു. ഇതിഹാസ താരം യാവിയര്‍ മഷറാനോയാണ് അര്‍ജന്റീനയുടെ പരിശീലകന്‍. ചെല്‍സി മിഡ്ഫീല്‍ഡര്‍ കാര്‍നി ചുകുവുമേക്ക ഇംഗ്ലണ്ടിനായി കളിക്കുന്നുണ്ട്. എന്നാല്‍, പല ക്ലബുകളും ലോകകപ്പിനായി താരങ്ങളെ വിട്ടുകൊടുത്തിട്ടില്ല. യുറുഗ്വായ് സ്ട്രൈക്കര്‍ അഇവാരോ റോഡ്രിഗ്വസിന് റയല്‍ മഡ്രിഡ് അനുമതി നല്‍കിയിട്ടില്ല.
ബ്രസീലിന്റെ വിറ്റോര്‍ റോക്കെയെ അത്‍ലറ്റികോ പരാനിയന്‍സും റയലിന്റെ 16കാരന്‍ എന്‍ഡ്രികും ബ്രസീല്‍ നിരയില്‍ കളിക്കുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അലയാന്ദ്രോ ഗാര്‍നച്ചോയും റയലിന്റെ നികോളസ് പാസുമില്ലാതെയാണ് ആതിഥേയരായ അര്‍ജന്റീന ഇറങ്ങുന്നത്.
കിരീടസാധ്യതകളില്‍ മുന്നിലുള്ള സെനഗാളിന്റെ വിംഗര്‍ സാംബ ഡിയാലോയാണ് ഈ ലോകകപ്പിന്റെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളില്‍ മുന്നിലുള്ളത്. ഭാവിയിലെ സാദിയോ മാനേ എന്നാണ് ഈ ഡയനാമോ കീവ് താരം അറിയപ്പെടുന്നത്. എക്വഡോറിന്റെ 16കാരന്‍ ഫോര്‍വേഡ് കെന്‍ഡരി പയസും ശ്രദ്ധേയ താരമാണ്.
നാല് ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കും.