പത്തനാപുരം: കര്‍ണാടകയില്‍നിന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ വഴിതെറ്റിയലഞ്ഞ യുവാവിനെ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.
കര്‍ണാടകയിലെ ഹുബ്ലി ഓര്‍ബാഡ സ്വദേശി സാഗറിനാണ് (31) പൊലീസും ഗാന്ധിഭവനും തുണയായത്.
സുഹൃത്തിനൊപ്പമാണ് യുവാവ് ശബരിമലയിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ വഴിതെറ്റിയ സാഗര്‍ ഒറ്റയ്ക്ക് കോന്നി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അലഞ്ഞുതിരിയുകയായിരുന്നു. കോന്നി എസ്‌എച്ച്‌ഒയുടെ നിര്‍ദേശ പ്രകാരമാണ് ഇയാളെ ഗാന്ധിഭവനില്‍ എത്തിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സാഗറില്‍നിന്ന് തുടക്കത്തില്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല.
നിരന്തരമായ കൗണ്‍സിലിങ്ങിനെ തുടര്‍ന്ന് ഇയാളില്‍നിന്ന് ലഭിച്ച നമ്ബരില്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തിയതോടെ ഗാന്ധിഭവന്‍ സെക്രട്ടറി ജി ഭുവനേന്ദ്രന്‍, ഗോപിനാഥ് മഠത്തില്‍ എന്നിവര്‍ ചേര്‍ന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ സാഗറിനെ ഹാജരാക്കിയശേഷം ബന്ധുക്കളോടൊപ്പം അയക്കുകയായിരുന്നു.