ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം നല്‍കാന്‍ നടപടിയുമായി ഇന്തോനേഷ്യ

0
83

തായ്ലാന്‍ഡ്, ശ്രീലങ്ക, മലേഷ്യ(Malaysia) എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം(Visa free entry) നല്‍കാന്‍ നടപടിയുമായി ഇന്തോനേഷ്യ(Indonesia). ഒരു മാസത്തിനകം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ വിനോദസഞ്ചാരികളെ(Indian tourists) ആകര്‍ഷിക്കുന്നതിനാണ് ഈ തീരുമാനം. യുഎസ്, ചൈന, ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസരഹിത പ്രവേശനം അനുവദിക്കുന്നതിനാണ് നീക്കം. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം നല്‍കുന്നത് പരിഗണിക്കാന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രി സാന്‍ഡിയാഗ യുനോ സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 16 ദശലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികള്‍ 2019ല്‍ കോവിഡിന് മുമ്പ് ഇന്തോനേഷ്യയില്‍ എത്തിയിരുന്നു.

അതേസമയം ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഒരു കോടിയോളം വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 124 ശതമാനം വര്‍ധനയുണ്ടായി. അടുത്തിടെ മുസ്ലീം ഭൂരിപക്ഷ രാജ്യമായ മലേഷ്യയും ചൈനീസ്, ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ ഈ തീരുമാനം.

വിദേശ വ്യക്തികളെയും കോര്‍പ്പറേറ്റ് നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിനായി സെപ്റ്റംബറില്‍ ഇന്തോനേഷ്യ ഗോള്‍ഡന്‍ വിസയും പ്രഖ്യാപിച്ചിരുന്നു.മലേഷ്യയ്ക്ക് മുമ്പ്, അയല്‍രാജ്യമായ തായ്ലാന്‍ഡും രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സമാനമായ നടപടി സ്വീകരിച്ചിരുന്നു. തായ്ലന്‍ഡിന്റെ സമ്പദ്വ്യവസ്ഥയില്‍ വിനോദസഞ്ചാരത്തിന് ഒരു പ്രധാന പങ്കുണ്ട്. എന്നാല്‍ കോവിഡ് കാരണം ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടി നേരിട്ടു.

ഇതോടെയാണ് വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ഇന്ത്യയും ചൈനയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഫ്രീ എന്‍ട്രി നല്‍കാന്‍ തീരുമാനിച്ചത്. നവംബര്‍ ആദ്യം തായ്ലന്‍ഡ് വിസ ഫ്രീ എന്‍ട്രി പ്രഖ്യാപിച്ചിരുന്നു.ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് 2023 നവംബര്‍ 10 മുതല്‍ 2024 മെയ് 10 വരെ 30 ദിവസത്തേക്ക് വിസ ഫ്രീയായി പ്രവേശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here