ന്യൂഡൽഹി: കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമെങ്കിൽ ഭരണഘടനയിലെ ന്യൂനപക്ഷ പദവിക്ക് ഹിന്ദുക്കളും അർഹരെന്ന് സുപ്രീം കോടതി. ജസ്റ്റിസ് യു യു ലളിതിന്റേതാണ് നിർണ്ണായക നിരീക്ഷണം. ന്യൂനപക്ഷ പദവി നിർണ്ണയിക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കോടതി വ്യക്തമാക്കി.
കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുന്നു എന്ന വാദം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം. ഭരണഘടനയിലെ ആർട്ടിക്കിൾ 29, 30 പ്രകാരം ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ പ്രത്യേക പരിരക്ഷ നൽകുന്നു. കേരളം, കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമെങ്കിൽ ഇത്തരം ഭരണഘടനാ പരിരക്ഷകൾ അവർക്കും അവകാശപ്പെടാം എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
വിവിധ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് സ്വദേശി ദേവകി നന്ദൻ ഠാക്കൂർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മിസോറം, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നൽകേണ്ടുന്ന പരിഗണന ഒന്നും ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല എന്നതാണ് വിഷയം കോടതിയിൽ എത്താൻ കാരണം.
2011ലെ സെൻസസ് പ്രകാരം കേരളത്തിലെ ഹിന്ദു ജനസംഖ്യ 54.73 ശതമാനമാണ്. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങൾ അടങ്ങുന്ന മതന്യൂനപക്ഷം 45 ശതമാനം വരും. അധികം വൈകാതെ തന്നെ കേരളത്തിലെ ഹിന്ദു ജനസംഖ്യ 50 ശതമാനത്തിന് താഴെയാകും എന്ന സൂചനയാണ് വിവിധ റിപ്പോർട്ടുകൾ പ്രകാരം ലഭിക്കുന്നത്.