തൊടുപുഴ: ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് തുടക്കമായി. തൊടുപുഴ, അടിമാലി, കട്ടപ്പന മേഖലകളിലായി അഞ്ച് കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയം.
ഏപ്രില്‍ 26 വരെയാണ് ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുക. തൊടുപുഴ ഗവ. വി.എച്ച്.എസ്.എസ്, അടിമാലി ഗവ. ഹൈസ്കൂള്‍, കട്ടപ്പന ഗവ. ഹൈസ്കൂള്‍, വെള്ളയാംകുടി സെന്‍റ് ജെറോംസ് ഹൈസ്കൂള്‍, കട്ടപ്പന സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍ എന്നിവയാണ് മൂല്യനിര്‍ണയ ക്യാമ്ബുകള്‍.
തൊടുപുഴയില്‍ ഇംഗ്ലീഷ്, ബയോളജി വിഷയങ്ങളുടെയും അടിമാലിയില്‍ മലയാളം, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളുടെയും മൂല്യനിര്‍ണയം നടക്കും.
ബാക്കി വിഷയങ്ങളുടേത് കട്ടപ്പനയിലെ മൂന്ന് ക്യാമ്ബുകളിലാണ്. ഇത്തവണ 5,938 ആണ്‍കുട്ടികളും 5,553 പെണ്‍കുട്ടികളുമടക്കം 11,491 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞവര്‍ഷം 11,389 പേരായിരുന്നു. 383 വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ കല്ലാര്‍ ഗവ. എച്ച്.എസ്.എസ് ആണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്നില്‍. നാല് പേര്‍ മാത്രം പരീക്ഷ എഴുതിയ മുക്കുളം എസ്.ജി.എച്ച്.എസിലാണ് ഏറ്റവും കുറവ്.