‘എനിക്കും ജീവിക്കണ്ടേ?’ വൃക്ക വില്‍ക്കാനുണ്ടെന്ന് പെയിന്‍റിങ് തൊഴിലാളിയുടെ പോസ്റ്റർ

0
63

‘എനിക്കും ജീവിക്കണ്ടേ.. വരുമാനം ഇല്ലാതായിട്ട് നാളുകളായി, രോഗിയായ അമ്മയെ നോക്കണം, ചികിത്സയ്ക്ക് ചിലവുണ്ട്…ആരും പണിക്ക് വിളിക്കുന്നില്ല… കടം വീട്ടിയില്ലെങ്കില്‍ ആശിച്ചു കെട്ടിയ കൂരയും നഷ്ടമാകും’. ജീവിക്കാന്‍ വഴിയില്ലാതെ വന്നതോടെ സ്വന്തം വൃക്ക വില്‍ക്കാനുണ്ടെന്ന് പോസ്റ്റര്‍ അടിച്ച് ഒട്ടിക്കേണ്ടി വന്ന ഒരു മനുഷ്യന്‍റെ വാക്കുകളാണിത്.

പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി സജി എന്ന 55 കാരനാണ് കനത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം തന്‍റെ ഒ പോസിറ്റീവ് വൃക്ക വില്‍ക്കാന്‍ തയാറാകേണ്ടി വന്നത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ അടക്കമുള്ള പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ നിന്നാണ് സജിയുടെ ദുരവസ്ഥ നാടറിയുന്നത്.

42 വര്‍ഷമായി പെയിന്‍റിങ് ജോലി ചെയ്തിരുന്ന സജിക്ക് 11 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച അമ്മയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവായി. 26 വര്‍ഷമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന സജിയുടെയും കുടുംബത്തിന്‍റെയും ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കൊച്ചുവീട് പണിയണമെന്നത്. ഒടുവില്‍ കൈവശമുണ്ടായിരുന്നതും കടം വാങ്ങിയ പണവും ഉപയോഗിച്ച് പത്ത് സെന്‍റ് സ്ഥലം വാങ്ങി അതില്‍ ആസ്ബറ്റോസ് ഷീറ്റുകൊണ്ട് ഒരു വീടുണ്ടാക്കി.

താമസം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും വീടുവെക്കാന്‍ കടം വാങ്ങിയ പണം കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സജി പറഞ്ഞു. തന്‍റെ മൂന്ന് ആണ്‍മക്കളില്‍ രണ്ട് പേര്‍ ബി.കോം ബിരുദധാരികളാണ് എന്നിട്ടും കാര്യമായ വരുമാനം കണ്ടെത്താന്‍ സാധിക്കുന്നില്ല. മാസം 6000 രൂപ ശമ്പളം കിട്ടുന്ന ജോലിയാണ് ഇവര്‍ ചെയ്യുന്നത്. നോട്ട് നിരോധനവും പിന്നാലെയെത്തിയ കോവിഡും കാരണം മാസം അഞ്ച് ദിവസം പോലും ജോലി കിട്ടാനില്ല. കോണ്‍ട്രാക്ടര്‍മാര്‍ക്കൊപ്പം പെയിന്‍റിങ് ജോലി ചെയ്തിരുന്നപ്പോള്‍ ചെറിയ തോതില്‍ വരുമാനം ഉണ്ടായിരുന്നു. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചതോടെ ഈ വരുമാനവും നിലച്ചു.

മറ്റ് വഴികളെല്ലാം അടഞ്ഞതോടെയാണ് കുടുംബാംഗങ്ങള്‍ എതിര്‍ത്തിട്ടും വൃക്ക വില്‍ക്കാന്‍ സജി തയാറായത്. വൃക്ക വില്‍ക്കാനുണ്ടെന്ന പോസ്റ്ററിലെ നമ്പര്‍ കണ്ട് പലരും തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് സജി  പറഞ്ഞു. സ്ഥലത്തെ പോലീസുകാരും തന്നോട് സംസാരിച്ചിരുന്നു. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാമെന്നും വൃക്ക വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെട്ടതായി സജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here