അതിവേഗം പ്രചാരത്തിലായ ഒന്നാണ് മൊബൈൽ ഫോൺ. കണക്കനുസരിച്ച് അഞ്ച് ബില്ല്യൺ ആളുകൾക്ക് സ്വന്തമായി ഫോണുണ്ട്. അതിൽ പകുതി പേർക്കും സ്മാർട്ട് ഫോണുണ്ട്. ഏതായാലും കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ സ്വന്തമായി ഫോൺ വേണം എന്ന് ആഗ്രഹിക്കുന്നവർ തന്നെയാണ്. സ്വന്തമായി ഒരു സ്മാർട്ട് ഫോൺ വാങ്ങാനുള്ള ആഗ്രഹം പശ്ചിമ ബംഗാളിലെ ഒരു പതിനാറുകാരിയെ എത്തിച്ചത് ജില്ലാ ആശുപത്രിയിലെ ഒരു ബ്ലഡ് ബാങ്കിലാണ്.
സ്മാർട്ട് ഫോൺ വാങ്ങുന്നതിനായി രക്തം വിൽക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടി ബ്ലഡ് ബാങ്കിലെത്തിയത്. എന്നാൽ, പെൺകുട്ടിയെ കുറിച്ച് ബ്ലഡ് ബാങ്ക് അധികൃതർ ചൈൽഡ് ലൈൻ ഇന്ത്യയിൽ വിവരം നൽകി. പിന്നാലെ ജില്ലാ ശിശുക്ഷേമ കമ്മിറ്റിയിൽ നിന്നുമുള്ള അംഗങ്ങൾ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി. പിന്നീട് അവളെ മാതാപിതാക്കളെ ഏൽപ്പിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബാലൂർഘട്ട് ജില്ലാ ആശുപത്രിയിലെ രക്തബാങ്കാണ് സന്ദർശിച്ചത്. ആശുപത്രി അധികൃതർ പറയുന്നതനുസരിച്ച് അതിരാവിലെയാണ് പെൺകുട്ടി ബ്ലഡ് ബാങ്കിലെത്തിയത്. അത് ജില്ലാ ആശുപത്രിയുടെ ബ്ലഡ് ബാങ്ക് ആയിരുന്നത് കൊണ്ട് തന്നെ പെൺകുട്ടി രക്തം നൽകാൻ വന്നതായിരിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ, പിന്നീടാണ് രക്തം വിൽക്കാനാണ് പെൺകുട്ടി എത്തിയിരിക്കുന്നത് എന്ന് മനസിലായത്. ആശുപത്രി അധികൃതർ ഞെട്ടിപ്പോയി.
ഒക്ടോബർ 17 -നാണ് ട്യൂഷന് പോവുകയാണ് എന്ന് പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. അതിനുശേഷം സൈക്കിൾ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു. അത് കഴിഞ്ഞ് തപനിൽ നിന്നും ബാലൂർഘട്ടിലെ ജില്ലാ കേന്ദ്രത്തിൽ എത്തി, അത് ഏകദേശം 30 കിലോമീറ്റർ അകലെ ആയിരുന്നു. അവിടെ ബസ് ഇറങ്ങിയ ഉടനെ അവൾ നേരെ ജില്ലാ ആശുപത്രിയിലേക്ക് പോയി.
പെൺകുട്ടിയുടെ അച്ഛൻ ഒരു പച്ചക്കറി വിൽപ്പനക്കാരൻ ആയിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ അയാൾ ഞെട്ടിപ്പോയി. മകൾക്ക് അങ്ങനെ ഒരു ലക്ഷ്യം ഉണ്ടെന്ന് അറിഞ്ഞതേയില്ല എന്ന് അദ്ദേഹം പറഞ്ഞു.
ആദ്യം പെൺകുട്ടി കൗൺസലിംഗിനിടെ പറഞ്ഞത് സഹോദരന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് രക്തം വിൽക്കുന്നത് എന്നാണ്. എന്നാൽ, വിശദമായ കൗൺസലിംഗിനിടെയാണ് സ്മാർട്ട് ഫോൺ വാങ്ങാനാണ് രക്തം വിൽക്കുന്നത് എന്ന് പെൺകുട്ടി തുറന്ന് പറഞ്ഞത്. ഫോൺ നേരത്തെ തന്നെ അവൾ ഒരു ബന്ധുവിന്റെ ഫോണിൽ നിന്നും ഓൺലൈനിൽ ഓർഡർ ചെയ്ത് കഴിഞ്ഞിരുന്നു. ഒക്ടോബർ 16 -ന് ഓൺലൈൻ വഴി 9000 രൂപ വിലയുള്ള ഫോണാണ് പെൺകുട്ടി ഓർഡർ ചെയ്തത്.
ഏതായാലും കൗൺസലിംഗിന് ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയച്ചു.