ഒരു എട്ട് വയസുകാരന്റെ ബുദ്ധിയും പ്രയത്നവും എല്ലാം കൂടി ഒത്തു ചേർന്ന് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫലമാണുണ്ടാക്കിയിരിക്കുന്നത്. അവൻ എന്താണ് ചെയ്‍തത് എന്നല്ലേ? അവനൊരു നോവലെഴുതി. എന്നിട്ട് ആരും കാണാതെ അത് ഒരു ലൈബ്രറിയിൽ ഒളിപ്പിച്ച് വച്ചു. എന്നാൽ, അവനെ പോലും ഞെട്ടിച്ച് കൊണ്ട് ആ നോവൽ വായിക്കാൻ അനേകം പേരുണ്ടായി.
അവന്റെ പേര് ദില്ലൻ ഹെൽബിഗ്, അവന്റെ ആദ്യ പുസ്തകം ഐഡഹോ നഗരമായ ബോയ്‌സിൽ സർപ്രൈസ് ഹിറ്റായിരിക്കയാണ്. 81 പേജുള്ള നോവലിന്റെ കയ്യെഴുത്തുപ്രതി ആരും കാണാതെ അവൻ അടുത്തുള്ള ലൈബ്രറിയിൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. എന്നാൽ, അവനേയും മാതാപിതാക്കളെയും ഞെട്ടിച്ച് കൊണ്ട് ഇപ്പോൾ 56 പേരാണ് ആ നോവൽ വായിക്കാനുള്ള വെയിറ്റ്‍ലിസ്റ്റിലുള്ളത്.
നോവലിൽ പറയുന്നത്, ഡിലൻ തന്റെ ക്രിസ്‍മസ് ട്രീ ഒരുക്കുകയാണ്. പെട്ടെന്ന് അത് പൊട്ടിത്തെറിച്ചു. എന്നാൽ, അത് പൊട്ടിത്തെറിച്ച ഉടനെ അവൻ 1621 -ലേക്ക് അറിയാതെ എത്തിപ്പെടുകയാണ്. 1621 -ലാണ് യുഎസ്സിൽ ആദ്യമായി താങ്ക്സ്ഗിവിംഗ് ആഘോഷിച്ച് തുടങ്ങിയത്.
നോവൽ മുഴുവനും അവൻ കൈ കൊണ്ടാണ് എഴുതിയത്. ഒപ്പം അവൻ തന്നെ വരച്ച ചിത്രങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോവൽ പൂർത്തിയായ ഉടനെ ഡിലൻ തന്റെ മുത്തശ്ശിയുമായി അടുത്തുള്ള ലൈബ്രറിയിലേക്ക് പോയതാണ്. ആരും കാണാതെ അവൻ അവിടെയുണ്ടായിരുന്ന അലമാരയിൽ പുസ്തകങ്ങൾക്കിടയിൽ തന്റെ പുസ്തകവും ഒളിപ്പിച്ച് വച്ചു.
എന്നാൽ, അധികം വൈകാതെ ലൈബ്രറി ജീവനക്കാർ ആ പുസ്തകം കണ്ടെത്തുക തന്നെ ചെയ്തു. എന്നാൽ, അവർ അത് തങ്ങളുടെ കളക്ഷനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ ഡിലന്റെ കയ്യെഴുത്ത് നോവലും ലൈബ്രറിയിലെ പുസ്തകശേഖരങ്ങൾക്കൊപ്പം ആളുകൾക്ക് ലഭ്യമായി തുടങ്ങി. അധികം വൈകാതെ ആളുകൾ അത് എടുത്ത് വായിക്കാനും തുടങ്ങി. ഇപ്പോൾ നിരവധി ആളുകളാണ് ആ പുസ്തകം വായിക്കാൻ കാത്തു നിൽക്കുന്നത്.