കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്നത് ഒരു അപൂർവ്വ മോഷണമാണ്. കരുവാറ്റ എസ്എന്‍ കടവിനു സമീപം സൗപര്‍ണികയില്‍ ശശീന്ദ്രൻ്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചെമ്പുപാത്രം അടിച്ചുമാറ്റിയാണ് മോഷ്ടാവ് സ്ഥലം വിട്ടത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന ചെമ്പ് പാത്രമാണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം ഒന്നര ലക്ഷം രൂപയോളം വില വരുന്ന വലിയ ചെമ്പ് പാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. മോഷണം പോയ ചെമ്പു പാത്രത്തിന് 35 വര്‍ഷത്തിനു മുകളില്‍ പഴക്കമുണ്ട്. ചെമ്പൂപാത്രം മോഷ്ടിക്കുന്നതിനിടയിൽ മറ്റൊരു വസ്തുകൂടി മോഷ്ടാവ് കൊണ്ടുപോയി. വീടിനു സമീപം കഴുകി ഇട്ടിരുന്ന നാലു ഷര്‍ട്ടുകളാണ് ചെമ്പുപാത്രത്തിനൊപ്പം കള്ളൻമാർ കൊണ്ടുപോയത്.
ചെമ്പ് പാത്രം ഉരുട്ടി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചെമ്പ് പാത്രം ഷെഡില്‍ നിന്ന് ഇറക്കി വീടിൻ്റെ പുറകില്‍ മതില്‍ ഇല്ലാത്ത ഭാഗത്തു കൂടി ഉരുട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് സിസി ടിവിയിൽ വ്യക്തമാണ്. പുലര്‍ച്ചെ 2 മണിയോടുകൂടി ഒരാള്‍ റോഡിൻ്റെ സൈഡില്‍ കൂടി പാത്രം ഉരുട്ടി കൊണ്ടുപോകുന്ന ദൃശ്യം സമീപ വീട്ടിലെ സിസിടിവിയില്‍ നിന്നുമാണ് ലഭിച്ചത്.
ചെമ്പിനൊപ്പം ഇരുന്ന ചാക്ക് കൊണ്ട് മോഷ്ടാവ് തല മൂടിയിരുന്നു. സ്ഥലവുമായി പരിചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.