വേർപിരിഞ്ഞ പങ്കാളി മക്കളെ കാണാൻ എത്തുമ്പോൾ അതിഥിയായി കണക്കാക്കണം; ചായ നല്‍കണം’

0
91

ചെന്നൈ∙ വിവാഹ ബന്ധം വേർപെടുത്തിയ പങ്കാളി മക്കളെ കാണാൻ വീട്ടിലെത്തുമ്പോള്‍ അതിഥിയായി കണക്കാക്കി മാന്യമായി പെരുമാറണമെന്നു മദ്രാസ് ഹൈക്കോടതി. മക്കളുടെ മുന്നിൽ അച്ഛനും അമ്മയും തമ്മിൽ മോശമായി പെരുമാറുന്നതു കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി വ്യക്തമാക്കി. അച്ഛന്‍ കാണാനെത്തുമ്പോള്‍ ചായയും ഭക്ഷണവും നല്‍കണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും ബാങ്കുദ്യോഗസ്ഥയായ അമ്മയോട് കോടതി നിർദേശിച്ചു.

അമ്മയോടൊപ്പം കഴിയുന്ന മകളെ ആഴ്ചയില്‍ രണ്ടുദിവസം കാണാൻ അനുവാദം തേടിയെത്തിയ ചെന്നൈ സ്വദേശിക്ക് ആവശ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. അമ്മയും മകളും താമസിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്താണു പരാതിക്കാരനും താമസിക്കുന്നത്. വിവാഹമോചനത്തിനു ശേഷം പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ പലപ്പോഴും നല്ല പെരുമാറ്റമല്ല ഉണ്ടാകുന്നതെന്നു കോടതി ചൂണ്ടിക്കാണിച്ചു.

വിദ്വേഷം കുട്ടികളുടെ മനസ്സിലേക്കു സ്വാഭാവികമായി കടന്നുചെല്ലുന്ന ഒന്നല്ല. കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണത്. മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹപൂര്‍ണമായ ബന്ധം ഓരോ കുട്ടിയുടെയും അവകാശമാണ്. മാതാപിതാക്കളില്‍ ഒരാളെക്കുറിച്ച് മറ്റേയാള്‍ മക്കളുടെ മനസ്സില്‍ വിദ്വേഷം ജനിപ്പിക്കുന്നത് കുട്ടികളോടുള്ള പീഡനമാണ്. ബന്ധം വേര്‍പെടുത്തിയാളെ അതിഥിയായി പരിഗണിക്കാനാകണം. ‘അതിഥി ദേവോ ഭവ’ എന്ന ഭാരതീയ സങ്കല്പമനുസരിച്ച് ബഹുമാനത്തോടും സഹാനുഭൂതിയോടും കൂടെ പെരുമാറണം- കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here