തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഓരോ ഭക്ഷ്യക്കിറ്റിനും 15 രൂപ വീതം കാർഡുടമകളിൽനിന്ന് ഈടാക്കണമെന്ന ആവശ്യവുമായി റേഷൻ വ്യാപാരി സംഘടന. ഓണത്തിന് റേഷൻ വ്യാപാരികൾക്ക് ബോണസോ ഉത്സവബത്തയോ അനുവദിക്കാത്ത സാഹചര്യത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലുമായുള്ള കൂടിക്കാഴ്ചയിൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സർവിസ് ചാർജ് ആവശ്യപ്പെട്ടത്.
റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് സംസ്ഥാനത്തെ 92,66,997 കാർഡുടമകളിൽനിന്ന് പ്രതിമാസം രണ്ട് രൂപവീതം പിരിച്ചെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം നയപരമായ കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്ന് ധനമന്ത്രി സംഘടന നേതാക്കളെ അറിയിച്ചു.