ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖല ഇന്ത്യയിലെന്ന് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി (Nitin Gadkari). 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 63.32 ലക്ഷം കിലോമീറ്റര്‍ റോഡുകളാണുള്ളത്. 2014 മാര്‍ച്ചില്‍ 54.02 ലക്ഷം കിലോമീറ്ററായിരുന്നു ഇന്ത്യയിലെ റോഡ് ശൃംഖല ദൈര്‍ഘ്യമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ബജറ്റില്‍ ഗതാഗത വകുപ്പിന് കാര്യമായ വിഹിതം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2013-14ല്‍ ബജറ്റ് വിഹിതം 31,130 കോടി രൂപയായിരുന്നു. 2023-24 ബജറ്റിലെ വിഹിതം 276,351 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ദേശീയപാത ശൃംഖലയിലും കാര്യമായ വര്‍ധനവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 മാര്‍ച്ച് വരെ 91,287 കിലോമീറ്ററായിരുന്ന ദേശീയ പാത ദൈര്‍ഘ്യം ഇപ്പോള്‍ 1,46,145 കിലോമീറ്ററായി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡുകളുടെ ഗുണനിലവാരവും ഇതിനോടകം മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് ക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈ സ്പീഡ് ആക്‌സസ് കണ്‍ട്രോള്‍ഡ് ദേശീയ പാതകളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്.
അതേസമയം എക്‌സ്പ്രസ് വേകള്‍ ഉള്‍പ്പടെ 21 ഗ്രീന്‍ ഫീല്‍ഡ് ആക്‌സസ് കണ്‍ട്രോള്‍ഡ് ഇടനാഴികളുടെ നിര്‍മ്മാണവും നടന്നുവരികയാണ്. കൂടാതെ നിരവധി പദ്ധതികളും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റോഡുകള്‍ ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ലോജിസ്റ്റിക്‌സ് ക്ഷമത മെച്ചപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് 35 മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഭാരത് മാല പരിയോജന പ്രകാരമുള്ള വികസന പദ്ധതികളാണ് ഇവിടെ അവലംബിക്കുക. ഭാരത് മാല പരിയോജന ഘട്ടം-1 പ്രകാരം 15 മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകളുടെ വികസനത്തിന് മുന്‍ഗണന നല്‍കിയിട്ടുമുണ്ട്.
കൂടാതെ 2016 മുതല്‍ 3.46 കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് കൊണ്ടുള്ള ഹരിത സംരംഭങ്ങള്‍ക്കും മന്ത്രാലയം ഊന്നല്‍ നല്‍കി വരികയാണ്. കൂടാതെ മുനിസിപ്പല്‍ മാലിന്യങ്ങള്‍ തടയണ നിര്‍മ്മാണത്തിന് ഉപയോഗിച്ചും മാലിന്യങ്ങള്‍ സിമന്റ് കോണ്‍ക്രീറ്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ചും സുസ്ഥിര വികസന മാതൃകകള്‍ മന്ത്രാലയം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.