പിടി ഉഷ പിന്തുണ നടിക്കുകയാണ് ചെയ്തതെന്നാണ് വിനേഷിൻ്റെ ആരോപണം

0
52

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പിടി ഉഷയ്‍ക്കെതിരെ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്സിൽ അയോഗ്യതാ നടപടി നേരിട്ട സമയം പിടി ഉഷയിൽനിന്ന് പിന്തുണ ലഭിച്ചില്ലെന്ന് വിനേഷ് ഫോഗട്ട് തുറന്നടിച്ചു. പിടി ഉഷ പിന്തുണ നടിക്കുകയാണ് ചെയ്തതെന്നാണ് വിനേഷിൻ്റെ ആരോപണം.അയോഗ്യതാ നടപടിക്ക് ശേഷം ആശുപത്രിയിൽ ചികിത്സ തേടിയതിനിടെ, തന്നെ അറിയിക്കാതെയാണ് ചിത്രം പകർത്തിയതെന്നും ഇത് പിന്നീട് തനിക്കു പിന്തുണ നൽകുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനേഷിൻ്റെ പ്രതികരണം.”എന്ത് പിന്തുണയാണ് എനിക്ക് പാരീസിൽ ലഭിച്ചതെന്ന് അറിയില്ല. പിടി ഉഷ മേഡം ആശുപത്രിയിൽ എത്തി എന്നെ സന്ദർശിച്ചു. ഒരു ചിത്രം പകർത്തി. താങ്കൾ പറഞ്ഞത് പോലെ രാഷ്ട്രീയത്തിൽ പലതും നടക്കുന്നത് അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ്. അതുപോലെ, പാരീസിലും രാഷ്ട്രീയം നടന്നു”- വിനേഷ് ഫോഗട്ട് പറഞ്ഞു.”നിങ്ങൾ ഒരു ആശുപത്രി കിടക്കയിലാണ്, പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല.

ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നത്. ആ സ്ഥലത്ത്, എന്നോടൊപ്പം നിൽക്കുന്ന ചിത്രം എല്ലാവരെയും കാണിക്കാൻ വേണ്ടി മാത്രം പകർത്തി” – വിനേഷ് ഫോഗട്ട് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം ഗുസ്തിയെ ബാധിക്കുമോയെന്ന ചോദ്യത്തിന് താൻ എന്തിന് ഗുസ്തിയിൽ തുടരണമെന്നും എല്ലായിടത്തും രാഷ്ട്രീയമുണ്ടെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.പാരീസ് ഒളിമ്പിക്സിൽ 50 കിലോ ഗുസ്തി ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന പരിശോധനയിൽ ശരീര ഭാരം കൂടിയതിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.

വെള്ളി മെഡൽ നൽകണമെന്ന ആവശ്യവുമായി വിനേഷ് രാജ്യാന്തര കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. അതേസമയം ഇക്കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടും മറ്റൊരു ഗുസ്തി താരവുമായ ബജ്‍രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു.ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ജുലാന സീറ്റിൽനിന്ന് വിനേഷ് ഫോഗട്ട് ജനവിധി തേടും. ബജ്‍രംഗ് പുനിയയെ ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിൻ്റെ വർക്കിങ് ചെയർമാനായി കോൺഗ്രസ് നിയമിച്ചു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായിരുന്ന ബ്രിജ് ഭൂഷൺ യാദവിനെതിരായ ലൈംഗിക ആരോപണത്തിൽ വിനേഷ് ഫോഗട്ട്, ബജ്‍രംഗ് പുനിയ, മറ്റൊരു ഗുസ്തി താരമായ സാക്ഷി മാലിക് തുടങ്ങിയവർ നടത്തിയ പ്രതിഷേധം രാജ്യശ്രദ്ധ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here