ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ പറയുന്ന ചിത്രം ‘800’ല്‍ നിന്ന് നടന്‍ വിജയ് സേതുപതി പിന്മാറി. ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ മുത്തയ്യ ആവശ്യപ്പെട്ടതായി വിജയ് സേതുപതിയുടെ ഓഫീസ് അറിയിച്ചു. മുത്തയ്യയുടെ കത്തിനൊപ്പം താങ്ക്യൂ ഗുഡ് ബൈ എന്ന് സേതുപതി ട്വിറ്ററില്‍ കുറിച്ചു. ഈ മാസം എട്ടിനാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ച്ചറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്ന് മുതല്‍ തുടങ്ങിയ പ്രതിഷേധങ്ങളും പ്രചാരണവുമാണ് താരത്തിന്റെ പിന്‍മാറ്റത്തിലേക്ക് നയിച്ചത്.
ചിത്രത്തില്‍ നിന്ന് വിജയ് സേതുപതി സ്വയം പിന്‍മാറണമെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ നേതാവുമായി വൈക്കോയും ആവശ്യപ്പെട്ടിരുന്നു.ട്വിറ്ററില്‍ ഷെയിം ഓണ്‍ വിജയ് സേതുപതിയെന്ന ഹാഷ് ടാഗ് തുടങ്ങി. തമിഴ് വംശജനായ ശ്രീലങ്കന്‍ എന്ന മുത്തയ്യ മുരളീധരന്‍റെ സ്വത്വമാണ് പ്രതിഷേധിക്കുന്നവര്‍ പ്രശ്‍നവത്‍കരിക്കുന്നത്. തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ നേരിടേണ്ടിവന്നിട്ടുള്ള സംഘര്‍ഷഭരിതമായ ചരിത്രം ഓര്‍ക്കണമെന്നും ഈ സിനിമയില്‍ അഭിനയിക്കുന്നതോടെ വിജയ് സേതുപതി തങ്ങളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ നിന്ന് മാഞ്ഞുപോകും എന്നൊക്കെയായിരുന്നു പ്രതിഷേധിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍.
വിഷയം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമാറിയതിനിടെ പത്രക്കുറിപ്പിലൂടെ പ്രതികരണവുമായി മുത്തയ്യ മുരളീധരന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്നെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കാനാണ് ബോധപ്പൂര്‍വ്വം ശ്രമം. താനും തമിഴ് വംശജനാണെന്ന കാര്യം മറക്കരുത്, തന്‍റെ കുടുംബവും ആഭ്യന്തര സംഘര്‍ഷത്തിന്‍റെ ഇരകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.