കിടത്തി ചികിത്സ ആവശ്യമില്ലന്ന് മെഡിക്കൽ ബോർഡ് : എം ശിവശങ്കർ ആശുപത്രി വിട്ടു.

0
101

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന് ഇന്ന് ഉച്ചക്ക് ശേഷം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

 

ആശുപത്രിയില്‍നിന്ന് ശിവശങ്കര്‍ വീട്ടിലേക്ക് പോകും. വീട്ടില്‍ വിശ്രമിക്കാനാണ് തീരുമാനം. 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

 

ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. വരുന്ന വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം.കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകന്‍ വാദിച്ചു. ഏത് കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും തനിക്ക് നല്‍കിയിരുന്നില്ല. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ശിവശങ്കര്‍ അറിയിച്ചു.

 

എന്നാല്‍, അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചു. കേസ് 23ന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here