റിയാദ്: തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്ലിം ലീഗിന് വേണ്ടെന്നത് കൃത്യമായ നിലപാടാണെന്ന് എം.കെ. മുനീർ എം.എൽ.എ. എന്നാൽ പോപ്പുലർ ഫ്രണ്ടിൽപെട്ടുപോയ സാധാരണക്കാരായ ആളുകളുണ്ട്. അവരെ ആ ചിന്താഗതിയിൽനിന്ന് രക്ഷിച്ചെടുക്കണം. അത്തരം ആളുകളെയാണ് കെ.എം. ഷാജി പാർട്ടിയിലേക്ക് ക്ഷണിച്ചത് എന്നാണ് ഞാൻ കരുതുന്നത്. അതേസമയം പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ പാർട്ടിയിൽ രണ്ടഭിപ്രായമില്ല. ഒറ്റ നിലപാടാണ്. സംസ്ഥാന പ്രസിഡൻറ് അത് വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് ഞാനും പറഞ്ഞത്. വളരെ വ്യക്തതയോടെ ഉറച്ച ബോധ്യത്തോടെയാണ് അത് പറഞ്ഞത്. എന്നാൽ ഞാൻ പറഞ്ഞത് പിൻവലിച്ചെന്നും നിലപാട് മാറ്റിയെന്നും പാർട്ടി സെക്രട്ടറി പി.എം.എ. സലാം പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം അങ്ങനെ പറയാൻ എന്താണ് സാഹചര്യം എന്നറിയില്ല.
അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു. പാർട്ടിയിൽ ഇരട്ട മെമ്പർഷിപ് അനുവദിക്കില്ല. അത് നേരത്തെ ഉള്ള തീരുമാനമാണ്. മുസ്ലിം ലീഗ് പ്രവർത്തകന് മറ്റൊരു സംഘടനയിൽ അംഗമാകാൻ കഴിയില്ല. പകലും രാത്രിയും അയാൾ മുസ്ലിം ലീഗുകാരൻ തന്നെയായിരിക്കും.
ഒരേസമയം രണ്ട് വഞ്ചിയിൽ കാലൂന്നി സഞ്ചരിക്കാനാവില്ല. അതുകൊണ്ട് തന്നെ നിലവിലുള്ള മുന്നണിയിൽ ലീഗ് യാത്ര തുടരും. യു.ഡി.എഫിൽ ഞങ്ങൾ സംതൃപ്തരാണ്. എൽ.ഡി.എഫിൽ പോകുമെന്നത് നടക്കാത്ത സ്വപ്നം മാത്രമാണ്. ഒന്നാം പിണറായി സർക്കാർ തന്നെ മഹാമോശമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണം. രണ്ടാം പിണറായി സർക്കാർ അതിലും മോശമാണെന്ന് മാത്രമല്ല, നിഷ്‌ക്രിയവുമാണ്. പിണറായിയെ അല്ലാതെ മറ്റൊരു മന്ത്രിയെ ആർക്കെങ്കിലും അറിയുമോ? ആരുടെയെങ്കിലും സ്വരം കേൾക്കുന്നുണ്ടോ? ശൈലജ ടീച്ചർക്ക് മാഗ്സസെ അവാർഡ് തടഞ്ഞത് പിണറായിയാണ്.
ഭാരത് ജോഡോ യാത്ര ഇന്ത്യയെ ഒരുമിപ്പിക്കും. രാഹുലിനെ രാജ്യത്തെ മാധ്യമങ്ങൾ മുതൽ സി.പി.എം അടക്കമുള്ള പാർട്ടികൾ വരെ ഒറ്റപ്പെടുത്തി അവഹേളിക്കാനും അവഗണിക്കാനും ശ്രമിച്ചതാണ്. എന്നിട്ടും നിശ്ചയദാർഢ്യത്തോടെ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുന്നു. അതിന്റെ ഫലം കാണുക തന്നെ ചെയ്യും. ഭൂമിശാസ്‌ത്രപരമായ കിടപ്പ് കാരണമാണ് കേരളത്തിൽ കൂടുതൽ ദിവസം യാത്ര നടന്നത്. എന്നാൽ സി.പി.എം അതിൽ വെറളിപൂണ്ട് അദ്ദേഹം ഭക്ഷണം കഴിക്കുന്നതുവരെ ട്രോൾ ആക്കി മാറ്റി.