വാഷിങ്ടൻ: ന്യൂജഴ്‌സി ബ്രാൻഡായ ഗോയ ഫുഡ്‌സിന്റെ പരസ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഇവാൻക ട്രംപ് വിവാദത്തിൽ. ട്വിന്നിലടച്ച ബീൻസുമായി നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ ഇവാൻക പങ്കുവച്ചതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.
ഗോയ ആണെങ്കിൽ ഭക്ഷണം നന്നാകുമെന്ന ശീർഷകത്തോടെയുള്ള ട്വീറ്റ് ചൊവ്വാഴ്ച രാത്രിയാണ് ഇവാൻക പോസ്റ്റ് ചെയ്തത്. കമ്പനിയുടെ പരസ്യവാചകം ഇംഗ്ലിഷിലും സ്പാനിഷിലും എഴുതിയിരുന്നു. സർക്കാർ മാർഗ നിർദേശങ്ങൾ ഇവാൻക കാറ്റിൽ പറത്തിയെന്നും ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പൊതുവികാരം. യുഎസ് പ്രസിഡന്റിന്റെ ഉപദേശകയുടെ പദവി വഹിക്കുന്ന ഇവാൻകയുടെ പ്രവർത്തി വൈറ്റ്ഹൗസിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നാണ് ആക്ഷേപം. സർക്കാർ ഓഫിസുകളെ വ്യക്തിപരമായ നേട്ടങ്ങൾക്കു ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു.
If it’s Goya, it has to be good.
Si es Goya, tiene que ser bueno. pic.twitter.com/9tjVrfmo9z— Ivanka Trump (@IvankaTrump) July 15, 2020
ഹിസ്പാനിക് വംശജരുടെ വോട്ടുകൾ ഉറപ്പിക്കാനുള്ള തന്ത്രമായാണ് ഹിസ്പാനിക് വംശജരുടെ മേൽനോട്ടത്തിലുള്ള കമ്പനിയുടെ ഉത്പന്നത്തിന്റെ പരസ്യം പ്രചരിപ്പിച്ചതെന്നാണ് ആക്ഷേപം. ഹിസ്പാനിക് വംശജരുടെ ഉന്നമനത്തിനായുള്ള വാണിജ്യ കരാറിൽ ഒപ്പുവയ്ക്കാൻ ട്രംപിനൊപ്പം ഗോയ ഫുഡ്സിന്റെ സിഇഒ വ്യാഴാഴ്ച വൈറ്റ്ഹൗസിൽ എത്തിയിരുന്നു. ഇതോടെ കമ്പനിക്കെതിരെ #Goyaway #BoycottGoya ഹാഷ്ടാഗുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വോട്ടിനായി ട്രംപ് വംശീയ പ്രീണനം നടത്തുകയാണെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഇവാൻകയുടെ ട്വീറ്റ് എത്തിയതോടെ രോഷം ആളിക്കത്തി.