ചണ്ഡീഗഡ്: പഞ്ചാബിൽ കൊല്ലപ്പെട്ട ഗായകൻ സിദ്ദു മൂസ് വാലയുടെ ശരീരത്തിൽ നിന്ന് രണ്ട് ഡസനിലധികം വെടിയുണ്ടകൾ കണ്ടെടുത്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിയിൽ നിന്ന് ഉൾപ്പെടെ വെടിയുണ്ടകൾ കണ്ടിത്തിയിട്ടുണ്ട്. അഞ്ച് ഡോക്ടർമാർ അടങ്ങുന്ന പാനൽ സംഘമാണ് തിങ്കളാഴ്ച സിദ്ദു മൂസ് വാലയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. ഈ വർഷത്തെ പഞ്ചാബ് സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഗായകൻ ഞായറാഴ്ചയാണ് പഞ്ചാബിലെ മാൻസയിൽ വെച്ച് വെടിയേറ്റ് മരിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് വൃത്തങ്ങൾ പറയുന്നു. ആന്തരാവയവങ്ങളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. രണ്ട് സംഘങ്ങൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പഞ്ചാബ് പോലീസ് മേധാവി വികെ ഭാവ്ര പറഞ്ഞു. പഞ്ചാബിലെ മാൻസ പോലീസ് സ്‌റ്റേഷനിൽ ഫോറൻസിക് സംഘം ഗായകന്റെ കാർ പരിശോധിച്ചുവരികയാണ്. കാറിന്റെ മുൻഭാഗത്തും ഇരുവശങ്ങളിലും ഒന്നിലധികം ബുള്ളറ്റുകൾ തുളച്ചുകയറിയ ദ്വാരങ്ങൾ കാണാൻ സാധിക്കും. ഒന്നിലധികം ആളുകൾ വിവിധ വശത്ത് നിന്ന് കാറിലേക്ക് വെടിയുതിർത്തിട്ടുണ്ടാകാമെന്നാണ് നിഗമനം.