ഡിജിറ്റൽ മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഒരു മിഡ്റേഞ്ച് സ്മാർട്ട്ഫോണിനെക്കാൾ താഴ്ന്ന വിലയിൽ ജിയോബുക്ക് ലാപ്ടോപ്പ് പുറത്തിറക്കി റിലയൻസ് ജിയോ. കുറഞ്ഞ വിലതന്നെയാണ് ഈ ജിയോ ലാപ്ടോപ്പിന്റെ ഏറ്റവും ആകർഷകമായ ഘടകം. വെറും 16,999 രൂപ വിലയിലാണ് ജിയോ ഈ ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ജിയോ ലാപ്‌ടോപ്പിനൊപ്പം, ഉപയോക്താക്കൾക്ക് ഡിജിബോക്‌സിൽ 100GB സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് സ്‌പെയ്‌സും ക്ലെയിം ചെയ്യാൻ സാധിക്കും. ഒരു വർഷത്തേക്ക് ആയിരിക്കും ഈ സൗജന്യം ലഭ്യമാകുക. സാധാരണക്കാർക്കും ലാപ്ടോപ്പ് പ്രാപ്യമാക്കുന്ന വിധത്തിൽ കുറഞ്ഞ വിലയിലാണ് എത്തുന്നത് എന്നത് ജിയോബുക്കിന് നേട്ടമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒക്ടാ കോർ പ്രോസസറും 4 ജിബി എൽപിഡിഡിആർ 4 റാമും കരുത്താക്കിയാണ് പുതിയ ജിയോബുക്ക് ലാപ്ടോപ്പ് എത്തുന്നത്. 64GB ആണ് ഇന്റേണൽ സ്റ്റോറേജ്. എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് ശേഷി 256GB വരെ വികസിപ്പിക്കാൻ സാധിക്കും. സുഗമമായ മൾട്ടിടാസ്കിംഗും കാര്യക്ഷമതതോടെയുള്ള പ്രകടനവും കാഴ്ചവയ്ക്കാൻ ജിയോബുക്കിന് കഴിയുമെന്ന് കമ്പനി ടീസറുകളിൽ അവകാശപ്പെടുന്നു.
ഇൻഫിനിറ്റി കീബോർഡും വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും പുതിയ ജിയോബുക്കിന്റെ പ്രധാന സവിശേഷതകളിൽപ്പെടുന്നു. ഇൻ-ബിൽറ്റ് യുഎസ്ബി, എച്ച്ഡിഎംഐ പോർട്ടുകളുമായാണ് ജിയോബുക്കിന്റെ വരവ്. ഇത് ബാഹ്യ ഉപകരണങ്ങളിലേക്കും പെരിഫറലുകളിലേക്കും കണക്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ജിയോയുടെ തന്നെ ജിയോഒഎസ് ( JioOS ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജിയോബുക്ക് യൂസർ ഫ്രണ്ട്ലി ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
4G കണക്റ്റിവിറ്റി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ പിന്തുണകളോടെയാണ് ജിയോബുക്ക് എത്തുന്നത്. 990 ഗ്രാം ഭാരമുള്ള ജിയോബുക്ക് അൾട്രാ സ്ലിം ഡിസൈനിൽ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 11.6 ഇഞ്ച് കോംപാക്റ്റ് ആന്റി-ഗ്ലെയർ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു എടുത്തുപറയേണ്ട സവിശേഷത
ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കൊണ്ടുനടക്കാൻ പാകത്തിലാണ് ജിയോ ബുക്ക് എത്തിയിരിക്കുന്നത് എന്നത് കുറഞ്ഞ ഭാരവും ഒതുക്കമുള്ള ഡിസൈനും വ്യക്തമാക്കുന്നു. എല്ലാ പ്രായക്കാരുടെയും വിനോദ ആവശ്യങ്ങൾ ഉൾപ്പെടെ നിറവേറ്റാൻ കഴിയും വിധമാണ് ഈ ലാപ്ടോപ്പ് എത്തുന്നത് എന്ന് ആമസോണിൽ പ്രത്യക്ഷപ്പെട്ട ഒരു ടീസർ വ്യക്തമാക്കുന്നു.
അതിനാൽത്തന്നെ വിദ്യാർഥികൾക്കും മറ്റും ജിയോബുക്ക് ഏറെ ഉപകാരപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 4ജി കണക്ടിവിറ്റിയുടെയും ഒക്ടാ കോർ പ്രോസസറിന്റെ പിന്തുണയുടെയും കരുത്തിൽ, ഹൈ-ഡെഫനിഷൻ വീഡിയോകളുടെ സ്ട്രീമിംഗ്, ആപ്ലിക്കേഷനുകൾക്കിടയിലുള്ള മൾട്ടിടാസ്കിംഗ്, വിവിധ സോഫ്‌റ്റ്‌വെയർ എന്നിവയും അതിലേറെയും കൈകാര്യം ചെയ്യാൻ ജിയോബുക്കിന് കഴിയും.
മെച്ചപ്പെട്ട ബാറ്ററി സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ടെന്ന് ജിയോ പറയുന്നു. ഒരു മുഴുവൻ ദിവസത്തെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ഇതിലെ ബാറ്ററിക്ക് കഴിയും എന്നാണ് കമ്പനിയുടെ അവകാശവാദം. ബ്രൗസിങ്, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയ്ക്കായി കുറഞ്ഞ നിരക്കിൽ ലാപ്ടോപ്പ് ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപയോക്താക്കളെ ആണ് ജിയോബുക്ക് ലക്ഷ്യമിടുന്നത്.
“വ്യക്തികളെ അവരുടെ പഠന യാത്രയിൽ ശാക്തീകരിക്കുന്ന നൂതന ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാ പ്രായത്തിലുമുള്ള പഠിതാക്കൾക്ക് അതിന്റെ നൂതന സവിശേഷതകളും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഓപ്ഷനുകളും നൽകുന്ന ഞങ്ങളുടെ ഏറ്റവും പുതിയ വാഗ്ദാനമാണ് ജിയോബുക്ക്. ആളുകളുടെ വിദ്യഭ്യാസ രീതിയിൽ ജിയോബുക്ക് വിപ്ലവം സൃഷ്ടിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് റിലയൻസ് വക്താവ് പറഞ്ഞു.
”ജിയോബുക്ക് ആളുകളുടെ വ്യക്ഗത വളർച്ചയ്ക്കും നൈപുണ്യ വികസനത്തിനും പുതിയ അവസരങ്ങൾ തുറക്കുന്നു,” എന്നും ജിയോബുക്ക് പുറത്തിറക്കിയതിന് പിന്നാലെ റിലയൻസ് റീട്ടെയിൽ വക്താവ് പറഞ്ഞു. അതേസമയം, ലോഞ്ച് ചെയ്തെങ്കിലും ഓഗസ്റ്റ് 5 ന് ആണ് ജിയോബുക്ക് വിൽപ്പനയ്‌ക്കെത്തുക. റിലയൻസ് ഡിജിറ്റലിന്റെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ, ആമസോൺ എന്നിവ വഴിയും ജിയോബുക്ക് വാങ്ങാൻ സാധിക്കും.