‘മദ്യപാനം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’; രജനീകാന്ത്

0
143

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മദ്യപാനമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. റിലീസാകാനിരിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

” മദ്യം എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ സമൂഹത്തെ സേവിക്കുമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മദ്യപാനം,” രജനീകാന്ത് പറഞ്ഞു.

മദ്യപാനം ഇല്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമായിരുന്നുവെന്നും ഇന്നത്തേതിനെക്കാള്‍ വലിയ താരമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇതാദ്യമായല്ല മദ്യപാനത്തെപ്പറ്റി അദ്ദേഹം തുറന്ന് സംസാരിക്കുന്നത്. രജനീകാന്ത് മുഖ്യവേഷത്തിലെത്തിയ ചിത്രമായ ‘കാല’യില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന് തന്റെ ഭാര്യയെ നഷ്ടപ്പെടുന്നതിന് കാരണവും മദ്യപാനം തന്നെയാണ്. അതുവരെ മദ്യവും സിഗരറ്റും സ്റ്റൈലിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന താരം ആദ്യമായാണ് ഈ സ്വഭാവം ഒരു മോശം കാര്യമായി തുറന്ന് സമ്മതിക്കാന്‍ തുടങ്ങിയത്.

അതേസമയം ഹുകം എന്ന ഗാനത്തെപ്പറ്റിയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ഈ ഗാനം ആദ്യം കേട്ടപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്ക് ഒഴിവാക്കാന്‍ നിര്‍മാതാക്കളോട് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി തന്നെ അലട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാനത്തിലെ ചില വരികള്‍ നടന്‍ വിജയ്‌ക്കെതിരായാണ് ഉപയോഗിക്കുന്നതെന്ന് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറഞ്ഞിരുന്നു.പരിപാടിക്കിടെ ഇക്കാര്യത്തെപ്പറ്റിയും രജനീകാന്ത് മറുപടി നല്‍കി.

” പക്ഷികളില്‍ എല്ലാവരെയും ശല്യം ചെയ്യുന്നയാളാണ് കാക്ക. പരുന്ത് ആരെയും ശല്യപ്പെടുത്താറില്ല. കാക്ക പരുന്തിനെ ശല്യപ്പെടുത്തുമ്പോഴും പരുന്ത് ഒന്നും ചെയ്യാറില്ല. അത് അടുത്ത ഘട്ടത്തിലേക്ക് പറന്നുയരും. ഒരുപരിധി വരെ മാത്രമെ കാക്കയ്ക്ക് മത്സരിക്കാനാകൂ. കൂടുതല്‍ ഉയരത്തില്‍ അതിന് പറക്കാനാകില്ല,” എന്നായിരുന്നു രജനീകാന്തിന്റെ മറുപടി.

ജയിലര്‍ ആണ് രജനീകാന്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിലെ കാവാല ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം നെല്‍സണ്‍ ദിപകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, സുനില്‍, ജാക്കി ഷ്‌റോഫ്, രമ്യ കൃഷ്ണന്‍, തമന്ന ഭാട്ടിയ, മിര്‍ണ മേനോന്‍, വിനായകന്‍, യോഗി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here