ഇടുക്കി രാജകുമാരിയിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു

0
90

ഇടുക്കി: രാജകുമാരിയിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഉടുമ്പൻചോല രാമനാഥൻ ഇല്ലം വീട്ടിൽ ദർശൻ (11), കുളപ്പാറച്ചാൽ തേവർകാട്ട് കുര്യൻ(68), രാജകുമാരി അറയ്ക്കക്കുടിയിൽ ജെയിംസ് മാത്യു(52) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

ദർശനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണിൽ വച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്ത് വച്ചും, ജെയിംസിനെ 11.30 ഓടെ വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ ആക്രമിച്ചത്.

വെളുത്ത നിറമുള്ള ഒരു തെരുവുനായ കടിച്ചു എന്നാണ് മൂവരും പറഞ്ഞത്. തെരുവു നായയുടെ കടിയേറ്റ മൂന്നു പേരെയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷയും, ഐ ഡി.ആർ.ബി വാക്സിനും നൽകി. ഇമ്മ്യൂണോ ഗ്ലോബലൈൻ വാക്സിൻ നൽകുന്നതിനായി മൂന്നു പേരെയും പിന്നീട് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജകുമാരിയിൽ മൂന്നുപേർക്ക് കടിയേറ്റ സംഭവത്തിൽ തെരുവുനായയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. കടിച്ചതെന്ന് പറയപ്പെടുന്ന വെളുത്ത നിറമുള്ള തെരുവുനായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നായയെ കണ്ടെത്തി പേവിഷബാധയുണ്ടോയെന്ന കാര്യം പരിശോധിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here