ലണ്ടന്‍: ആദ്യ മല്‍സരത്തില്‍ വിക്കറ്റ് കൊണ്ട് ആറാടിയത് ജസ്പ്രീത് ബുംറയായിരുന്നെങ്കില്‍ രണ്ടാമങ്കത്തില്‍ ഇംഗ്ലീഷ് പേസര്‍ റീസ്സ് ടോപ്പ്‌ലേയുടെ ഊഴമായിരുന്നു. ആറു വിക്കറ്റുമായി ടോപ്പ്‌ലേ കൊടുങ്കാറ്റായപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1നു ഒപ്പമെത്തുകയും ചെയ്തു. 247 റണ്‍സെന്ന അത്ര ദുഷ്‌കരമല്ലാത്ത വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ ഇന്ത്യ തകരുകയായിരുന്നു. ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെ സാധിക്കാതെ പോയ ഇന്ത്യ 38.5 ഓവറില്‍ 146നു ഓള്‍ഔട്ടാവുകയും ചെയ്തു.ഫൈനലിനു തുല്യമായ പരമ്പരയിലെ അവസാനത്തെ മല്‍സരം ഞായറാഴ്ച നടക്കും
റണ്‍ചേസില്‍ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും 30 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല. 29 റണ്‍സ് വീതമെടുത്ത ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേയുമാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍മാര്‍. ഹാര്‍ദിക് 44 ബോളില്‍ രണ്ടു ബൗണ്ടറികളടിച്ചപ്പോള്‍ ജഡേജ 44 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി. സൂര്യകുമാര്‍ യാദവ് (27), മുഹമ്മദ് ഷമി (23), വിരാട് കോലി (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നായകന്‍ രോഹിത് ശര്‍മ (0), ശിഖര്‍ ധവാന്‍ (9), റിഷഭ് പന്ത് (0), ജസ്്പ്രീത് ബുംറ (2), യുസ്വേന്ദ്ര ചഹല്‍ (3), പ്രസിദ്ധ് കൃഷ്ണ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. 9.5 ഓവറില്‍ രണ്ടു മെയ്ഡനടക്കമാണ് 24 റണ്‍സിനു ടോപ്പ്‌ലേ ആറു വിക്കറ്റുകളെടുത്തത്. താരത്തിന്റെ കന്നി ഫൈഫര്‍ കൂടിയാണിത്.