ദില്ലി: കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള ആത്മാര്‍ത്ഥ ശ്രമത്തിലാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിവിര്‍ അവരുടെ തിരിച്ചുവരവിനുള്ള അവസാന ശ്രമം കൂടിയാണ്. ഇത്തവണ നടപ്പാക്കാന്‍ മടിച്ചിരുന്ന കാര്യങ്ങളെ തിരിച്ചുകൊണ്ടുവരികയാണ് കോണ്‍ഗ്രസ്. മുമ്പുണ്ടായിരുന്ന പാര്‍ലമെന്റററി ബോര്‍ഡ് സംവിധാനം ഒരിക്കല്‍ കൂടി കൊണ്ടുവരാന്‍ സോണിയാ ഗാന്ധി തയ്യാറാവുകയാണ്.
തീരുമാനമെടുക്കുന്നത് കൂട്ടായ ചര്‍ച്ചകളിലൂടെയാവാനാണ് ഈ നീക്കം. ഒപ്പം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് വലിയൊരു പ്രതിസന്ധി ഫോറം ബിജെപിയെ നേരിടുന്നതിനായി ഒരുക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്യും. ആരുമായും ചേരാം എന്ന സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്.
കോണ്‍ഗ്രസ് ചിന്തിന്‍ ശിവര്‍ രാജസ്ഥാനില്‍ വെച്ചത് തന്നെ വലിയൊരു ലക്ഷ്യത്തോടെയാണ്. ഇവിടെ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോര് നടക്കുന്നുണ്ട്. ഈ പരിപാടി നടത്തണമെങ്കില്‍ ഇരുവരും ഒന്നാവണമെന്ന് സോണിയക്കും രാഹുലിനും അറിയാം. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സംഘടന ഇപ്പോള്‍ രാജസ്ഥാനില്‍ ശക്തമാണ്. ഇത് എല്ലായിടത്തും സംഭവിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. നേതാക്കള്‍ക്ക് ഈ സന്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കി കഴിഞ്ഞു. ഇനിയും തമ്മിലടിയാണ് പ്ലാന്‍ എങ്കില്‍ പാര്‍ട്ടി ബിജെപിക്ക് മുന്നില്‍ ഇല്ലാതാവുമെന്നാണ് മുന്നറിയിപ്പ്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌ക്കാണ് പാര്‍ലമെന്ററി ബോര്‍ഡ് തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ദേശം വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചത്. ജി23 നേതൃത്വം മുന്നോട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യം കൂടിയാണിത്. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും ഇത് സ്വീകാര്യമായിരുന്നു. കോണ്‍ഗ്രസിലെ എല്ലാ തീരുമാനങ്ങളും യാതൊരു ചര്‍ച്ചയും ഇല്ലാതെയാണ് കോണ്‍ഗ്രസ് അധ്യക്ഷ നടപ്പാക്കുന്നതെന്ന വ്യാപക വിമര്‍ശനം ജി23യിലുണ്ട്. കോണ്‍ഗ്രസ് ഭരണഘടനയില്‍ പരാമര്‍ശിക്കുന്നുണ്ട്. നരസിംഹ റാവുവിന്റെ കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഭാഗമായി മാറിയ സംവിധാനമാണ് പാര്‍ലമെന്ററി ബോര്‍ഡ്.
ഒരു കുടുംബം ഒരു ടിക്കറ്റ് എന്ന കടുപ്പമേറിയ നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യപ്പെടുന്നുണ്ട്. ഗാന്ധി കുടുംബത്തിന് ഇത് ബാധകമല്ല. അത് പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിന് കാരണമാകുമോ എന്ന് സോണിയാ ഗാന്ധി ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്ത് മാത്രമേ നടപ്പാക്കൂ. വിദ്വേഷ രാഷ്ട്രീയത്തെ അതിശക്തമായി പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ച് പറയുന്നു. ബിജെപി നേരിടാനുള്ള ആഹ്വാനം അതിലൂടെ വന്നതാണ്. രാഷ്ട്രയത്തില്‍ ഭൂരിപക്ഷ വികാരം വര്‍ധിച്ച് വരുന്നതാണ് ആശങ്കയെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ ഏകാധിപത്യ പ്രവണത, വിലക്കയറ്റം, തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളെ അതിന്റെ നിഴലിലാക്കിയിരിക്കുകയാണ്. ജനകീയ വിഷയങ്ങള്‍ക്ക് വേണ്ട പ്രാധാന്യം കിട്ടുന്നില്ലെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി വിലയിരുത്തി.