കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദന കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ സമരം പൂര്‍ണമായി പിന്‍വലിച്ചു. നാളെ രാവിലെ എട്ട് മണി മുതല്‍ ജോലിക്ക് കയറുമെന്ന് അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ മാനിക്കുന്നുവെന്നു വ്യക്തമാക്കിയാണ് പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സമരം പിന്‍വലിച്ചത്.
അതിനിടെ ഡോ. വന്ദനയുടെ മരണത്തില്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തി. പ്രതി സന്ദീപിനെ പരിശോധിച്ചത് ഹൗസ് സര്‍ജനായ വന്ദന മാത്രമാണ്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
അതേസമയം, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കും.