കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി സര്‍ക്കാര്‍ പണം അനുവദിച്ചു. രണ്ടാം ഗഡു ശമ്പളത്തിനായി 30 കോടിയാണ് അനുവദിച്ചത്. ശമ്പളം നൽകാൻ 50 കോടി രൂപയാണ് കെഎസ്ആർടിസി മാനേജ്മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. മുഴുവന്‍ ശമ്പളവും അനുവദിക്കാത്തതില്‍ പ്രതിഷേധത്തിലായിരുന്നു ജീവനക്കാര്‍. അഞ്ചാം തീയതി ശമ്പളം നല്‍കുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നത്. അതിനായി 50 കോടി വേണമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.
ശമ്പള വിതരണം ആറ് മാസം കൂടി തുടരുമെന്നാണ് മാനേജ്മെന്‍റ് വ്യക്തമാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രി ആന്‍റണി രാജുവും തൊഴിലാളി യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചര്‍ച്ചയിൽ മാനേജ്മെന്റ് നിലപാട് അറിയിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിലെ രണ്ടാം ഗഡു ശമ്പളം നൽകാൻ ധനവകുപ്പ് കനിയണമെന്ന് ഗതാഗതമന്ത്രി യൂണിയൻ നേതാക്കളെ അറിയിച്ചിരുന്നു. അതേസമയം ശമ്പളം ഗഡുക്കളായി നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.