മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി.
പുടിന്‍ യുക്രൈനില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന കണ്ടെത്തലിലാണ് അറസ്റ്റ് വാറണ്ട്.
യുദ്ധക്കുറ്റങ്ങള്‍ക്കൊപ്പം യുക്രൈനില്‍ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയെന്നതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം. എന്നാല്‍ ഇത് കോടതിയുടെ അതിരുകടന്ന നടപടിയാണെന്ന് റഷ്യ പ്രതികരിച്ചു. അംഗരാജ്യങ്ങള്‍ക്കെതിരെ മാത്രമാണ് കോടതിക്ക് നടപടിയെടുക്കാന്‍ അധികാരം. റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമല്ലെന്നും റഷ്യ വ്യക്തമാക്കി.
പുടിനെതിരെ ഐസിസി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര യാത്രകള്‍ക്ക് തടസ്സമായേക്കും. അതേസമയം നടപടിയെ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സലന്‍സ്കി സ്വാഗതം ചെയ്തു. യുക്രൈനില്‍ ആണവായുധം പ്രയോഗിക്കുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ലെന്ന് റഷ്യയിലെ പ്രതിപക്ഷനിരയിലുള്ള രാഷ്ട്രീയ നേതാവ് ഗ്രിഗറി യവിലന്‍സ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ക്രൈമിയ തിരിച്ചുപിടിക്കാന്‍ യുക്രൈന്‍ ശ്രമിച്ചാല്‍ അത്തരത്തിലൊരു ആക്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതിനെ വളരെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്ക യുക്രൈന് പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ ഏതു സമയത്തും ആണവായുധം പ്രയോഗിക്കാന്‍ തയ്യാറാണെന്ന് പുടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
യുക്രൈന്‍- റഷ്യ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തില്‍ ഏത് അറ്റം വരെ പോകാനും റഷ്യ തയ്യാറാണെന്ന് പറഞ്ഞിരുന്നു.