പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇരട്ടക്കുഞ്ഞുങ്ങളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷെ ഇതില്‍ ഒരാളെ ഇവര്‍ക്കു നഷ്ടമായി. ആണ്‍കുഞ്ഞിനെയാണ് നഷ്ടമായത്. പെണ്‍കുഞ്ഞിനെയാണ് പ്രസവശേഷം ജീവനോടെ ലഭിച്ചത്.
മകനെ നഷ്ടമായതിന്റെ വേദന മറക്കാനുള്ള ശക്തി തങ്ങള്‍ക്കു നല്‍കുന്നത് മകളാണെന്നു റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. റൊണാള്‍ഡോയ്ക്കു നേരത്തേ നാലു മക്കളുണ്ടായിരുന്നു. ക്രിസ്റ്റിയാനോ ജൂനിയര്‍, മറ്റെയോ, പെണ്‍കുട്ടികളായ ഇവ, അലാന എന്നിവരാണ്് ഇത്.ഞങ്ങളുടെ ആണ്‍കുഞ്ഞ് മരിച്ചുവെന്നത് അഗാധമായ ദുഖത്തോടെയാണ് അറിയിക്കുന്നത്. ഏതൊരു മാതാപിതാക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണിത്.
പെണ്‍കുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം കുറച്ചു പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ ഞങ്ങള്‍ക്കു ശക്തി നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവരുടെ വിദഗ്ധ പരിചരണത്തിനും പിന്തുണയ്ക്കുമെല്ലാം ഞങ്ങള്‍ നന്ദി പറയുകയാണ്. ഈ നഷ്ടത്തില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്, പ്രയാസകരമായ ഈ സമയത്തു ഞങ്ങള്‍ സ്വകാര്യതയ്ക്കു വേണ്ടി അപേക്ഷിക്കുകയാണ് എന്നായിരുന്നു റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.