ഇന്ത്യന്‍ രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്താന്‍ സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ്.

0
73

ധാക്ക: ഇന്ത്യന്‍ രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്താന്‍ സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ്. ഇതോടെ ഇന്ത്യന്‍ രൂപയിൽ വ്യാപാരം നടത്തുന്ന 19-ാമത്തെ രാജ്യമായി ബംഗ്ലാദേശ് മാറിയിരിക്കുകയാണ്.

ഡോളറിലുള്ള വിനിമയം ഉപേക്ഷിക്കാനും ഇരുരാജ്യങ്ങളുടെയും പ്രാദേശിക കറന്‍സികളില്‍ തന്നെ സാമ്പത്തിക ഇടപാടുകള്‍ നടത്താനും ഇരു രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്ന് വരികയായിരുന്നു.

രൂപയിലുള്ള വ്യാപാരം ആരംഭിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിലെ രണ്ട് ബാങ്കുകളായ ഈസ്റ്റേണ്‍ ബാങ്ക് ലിമിറ്റഡും, സോനാലി ബാങ്കും ഇന്ത്യയിലെ ബാങ്കുകളുമായി ചേര്‍ന്ന് വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കും. ഇന്ത്യയിലെ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിലാണ് വോസ്‌ട്രോ അക്കൗണ്ട് ആരംഭിക്കുക. മേല്‍പ്പറഞ്ഞ ബാങ്കുകളിൽ എസ്ബിഐയും ഐസിഐസിഐ ബാങ്കും വോസ്‌ട്രോ അക്കൗണ്ട് ആരംഭിക്കും.

ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ സാമ്പത്തിക വിനിമയവും ഇനി മുതല്‍ ബംഗ്ലാദേശ് കറന്‍സിയായ ടാക്കയിലും ഇന്ത്യന്‍ കറന്‍സിയായ രൂപയിലും ആയിരിക്കും നടക്കുക.

രൂപ-ടാക്ക ഇടപാടുകള്‍

ഇന്ത്യന്‍ രൂപയിലും ബംഗ്ലാദേശ് ടാക്കയിലുമുള്ള ഉഭയകക്ഷി വ്യാപാരം ഡോളറിന് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് കരുതുന്നത്. ഈ നയത്തില്‍ നിന്ന് ഇരു രാജ്യങ്ങളും ഗുണമുണ്ടാകുമെന്നും കരുതുന്നുവെന്ന് സോനാലി ബാങ്ക് ലിമിറ്റഡിന്റെ സിഇഒ അഫ്‌സല്‍ കരീം പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധികളും പൊതുമേഖല ബാങ്കായ എസ്ബിഐയുടെ പ്രതിനിധികളും ഇക്കഴിഞ്ഞ ദിവസം ധാക്കയില്‍ എത്തിയിരുന്നു. രൂപ-ടാക്ക വിനിമയത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാനായിരുന്നു സന്ദര്‍ശനം.

തുടര്‍ന്ന് സോനാലി ബാങ്ക്, ഈസ്റ്റേണ്‍ ബാങ്ക് ലിമിറ്റഡ് പ്രതിനിധികളുമായും ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. ഇരുകറന്‍സികളുടെയും വിനിമയ രീതികളെപ്പറ്റിയായിരുന്നു ചര്‍ച്ച.

ഇന്ത്യന്‍ രൂപയിലുള്ള വിനിമയത്തെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്

രൂപ-ടാക്ക വിനിമയത്തെ ബംഗ്ലാദേശ് ബിസിനസ്സ് രംഗം സ്വാഗതം ചെയ്യുന്നുവെന്ന് ബംഗ്ലാദേശ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെസ്ബൂള്‍ ഹഖ് പറഞ്ഞു. ഈ വിനിമയം വ്യാപാരം വര്‍ധിപ്പിക്കുമെന്നും വിദേശ നാണ്യത്തിനായുള്ള നെട്ടോട്ടം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള ഇറക്കുമതി മൂല്യം ഏകദേശം 13.69 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ രണ്ട് ബില്യണ്‍ ഇന്ത്യന്‍ രൂപയിലായിരിക്കും വിനിമയം ചെയ്യുക. ബാക്കിയുള്ള തുക അമേരിക്കന്‍ ഡോളറിലായിരിക്കും നല്‍കുക.

അതേസമയം ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതി ഏകദേശം 2 ബില്യണ്‍ ഡോളര്‍ മതിക്കുന്നതാണ്. ഇവയുടെ വിനിമയവും ഇനി മുതല്‍ ഇന്ത്യന്‍ രൂപയിലായിരിക്കും.

ഇരു രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകളുടെ അറിയിപ്പ് കിട്ടിയാലുടന്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും രൂപ വഴി നേരിട്ട് ചെയ്യാമെന്ന് ഉപഭോക്താക്കളെ അറിയിക്കും. താല്‍പ്പര്യമുള്ള വ്യാപാരികള്‍ക്ക് രൂപയില്‍ നേരിട്ട് എല്‍സികള്‍ ആരംഭിക്കാം. ഇത് വ്യാപാരികളുടെ ചെലവ് കുറയ്ക്കും. ഡോളറിന്റെ മേലുള്ള അധിക സമ്മര്‍ദ്ദവും കുറയ്ക്കാനാകും,” ഇബിഎല്‍ മാനേജിംഗ് ഡയറക്ടര്‍ അലി റെസ ഇഫ്‌തേഖറിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, റഷ്യന്‍ കറന്‍സിയുമായി കൈമാറ്റ കരാറില്‍ ഏര്‍പ്പെടാനുള്ള ചര്‍ച്ചകളും ബംഗ്ലാദേശില്‍ പുരോഗമിക്കുന്നുണ്ട്. കൂടാതെ ചൈനയും കറന്‍സി വിനിമയത്തിനായി ബംഗ്ലാദേശിനെ സമീപിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം ബംഗ്ലാദേശ് സര്‍ക്കാര്‍ അവലോകനം ചെയ്ത് വരികയാണ്.

ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍

ബംഗ്ലാദേശിന് മുമ്പ് ഏകദേശം 18 രാജ്യങ്ങളാണ് ഇന്ത്യന്‍ കറന്‍സിയെ വിനിമയത്തിനായി തെരഞ്ഞെടുത്തത്. റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബോട്‌സ്വാന, ഫിജി, ജര്‍മ്മനി, ഗയാന, ഇസ്രായേല്‍, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാന്‍മര്‍, ന്യൂസിലാന്‍ഡ്, ഒമാന്‍, സീഷെല്‍സ്, ടാന്‍സാനിയ, ഉഗാണ്ട, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ രൂപയില്‍ വ്യാപാര വിനിമയം ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നത്.

ഡീ-ഡോളറൈസേഷന്‍

റഷ്യ-യുക്രെയ്ൻ സംഘര്‍ഷത്തിന് പിന്നാലെ യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. അതിന് ശേഷം നിരവധി രാജ്യങ്ങളാണ് ഡോളറിലുള്ള വ്യാപാരം ഉപേക്ഷിച്ച് പോയത്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായി ആഗോള കറന്‍സിയെന്ന നിലയിലുള്ള ഡോളറിന്റെ പ്രാധാന്യം കുറഞ്ഞ് വരികയാണ്. അമേരിക്കന്‍ ഡോളറിലുള്ള വിശ്വാസം ഉപേക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പറഞ്ഞിരുന്നു. അതേസമയം ഡോളറിന്റെ സ്ഥാനത്ത് ചൈനീസ് കറന്‍സിയായ യുവാനെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിലാണ് ചൈന.

LEAVE A REPLY

Please enter your comment!
Please enter your name here