രുചിയും ആരോഗ്യ ഗുണങ്ങളും കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട പഴമാണ് പപ്പായ. ഇതില്‍ നിരവധി വിറ്റാമിനുകളും ധാതുക്കളും എൻസെെമുകളും അടങ്ങിയിട്ടുണ്ട്.
കേരളത്തിലെ മിക്ക പറമ്ബുകളിലും ഇത് സുലഭമായി കാണാം. വെറുംവയറ്റില്‍ പപ്പായ കഴിക്കുന്നതും ജ്യൂസ് രൂപത്തില്‍ കുടിക്കുന്നതും വളരെ നല്ലതാണ്. വയറുവേദന, മലബന്ധം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും പരിഹാരമാണ് ഇത്. വിറ്റാമിൻ എ, സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമായ പപ്പായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ്.
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള പപ്പായ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്ന മികച്ച ഉപായം കൂടിയാണ്. ചുളിവുകള്‍ അകറ്റി ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനും പപ്പായ ശീലമാക്കാം. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ പപ്പായ സഹായിക്കുന്നു. പപ്പായയിലെ ‘പപ്പെയ്ൻക്ക’ എന്ന എൻസൈം ചർമ്മത്തെ ആരോഗ്യകരമായി നിലനിറുത്തുകയും ചർമ്മത്തിന്റെ ഇലാസ്‌തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ പലർക്കും പപ്പായയുടെ കുരുവില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ അറിയില്ല. പലരും പപ്പായ കഴിച്ചിട്ട് അതിന്റെ കുരു കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ പഴം പോലെതന്നെ അതിന്റെ കുരുവിലും ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മനസിലാക്കിയ പലരും വിദേശത്തേക്ക് പോലും പപ്പായ കുരു വില്‍ക്കാൻ കയറ്റുമതി ചെയ്യാറുണ്ട്.
പപ്പായയുടെ കുരുവില്‍ ധാരാളം ഫെെബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ പപ്പായയുടെ കുരുവില്‍ പപ്പെെൻ എന്ന എൻസെെമും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു. പപ്പായ വിത്തിലുള്ള കാർപൈൻ എന്ന പദാർത്ഥം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പപ്പായ കുരുവിലുള്ള ഒലീക് ആസിഡ്, മോണോ-സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ് എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
പ്രോട്ടീൻ, വിറ്റാമിനുകള്‍, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്ബ്, തുടങ്ങിയ ശരീരത്തിന് ആവശ്യമുള്ള ധാതുക്കളും പപ്പായയുടെ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റായ പോളിഫെനോള്‍ ക്യാൻസർ വരാനുള്ള സാദ്ധ്യതയെ ചെറുക്കാൻ ശേഷിയുള്ളതാണ്. കുരുവില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കുരുവിലെ വിറ്റാമിനുകളും ധാതുക്കളും അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
കുരുക്കള്‍ക്ക് ചെറിയ ചവർപ്പുള്ളതിനാല്‍ തന്നെ മിക്കവർക്കും ഇതിന്റെ ടേസ്റ്റ് ഇഷ്മാവാനും വഴിയില്ല. അത്തരക്കാർക്ക് കുരു ഉണക്കി കഴിക്കാവുന്നതാണ്, ഇത് പൊടിച്ച് ആഹാരത്തില്‍ ചേർത്താലും മതിയാവും.