തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും, ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഈ അവാർഡിലൂടെ സ്വന്തമായതെന്ന് ജോജു പ്രതികരിച്ചു.
പുരസ്‌കാരം തനിക്ക് തന്നെ സമർപ്പിക്കുന്നുവെന്നും കാരണം താൻ അത് അർഹിക്കുന്നുവെന്നും മികച്ച നടിയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയ രേവതി പറഞ്ഞു.മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനും ഏറ്റുവാങ്ങി. ജെസി ഡാനിയേൽ പുരസ്കാരം കെപി കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിനാണ് അവാർഡ്. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് മകളാണ് ഏറ്റുവാങ്ങിയത്. കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പരീക്ഷണം മലയാള സിനിമ നടത്തുകയാണെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. ഇതിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.
സ്ത്രീ സാന്നിധ്യം സിനിമയുടെ എല്ലാ മേഖലയിലും ഉണ്ട്. അത് ഇനിയും വർധിക്കണമെന്നും നിരവധി കാര്യങ്ങൾ സിനിമാ മേഖലയ്ക്കായി സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി വി ശിവൻകുട്ടി മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശിപ്പിച്ചു. ‘മലയാള സിനിമ, നാൾവഴികൾ’ റഫറൻസ് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് മന്ത്രി ജി ആർ അനിൽ വി കെ പ്രശാന്ത് എംഎൽഎയ്ക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.