ന്യൂഡല്‍ഹി: രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ച് രാജ്യവ്യാപകമായുണ്ടായ സംഘര്‍ഷങ്ങളെ കടുത്ത ഭാഷയില്‍ അപലപിച്ച വിവിധ മതനേതാക്കള്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിച്ചവര്‍ക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.
രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ചുണ്ടായ കലാപങ്ങള്‍ യാദൃച്ഛികമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഭാരതീയ സര്‍വ ധര്‍മ സന്‍സദ് സ്ഥാപകന്‍ ഗോസ്വാമി സുശീല്‍ മഹാരാജ്, അഖിലേന്ത്യാ രവിദാസ്യ ധര്‍മ സന്‍ഘടന്‍ ചെയര്‍മാന്‍ സന്ത് വീര്‍ സിങ് ഹിത്കാരി, ഡല്‍ഹി ബംഗ്ലാ സാഹെബ് ഗുരുദ്വാര മുഖ്യ പുരോഹിതന്‍ ഗ്യാനി രഞ്ജിത് സിങ, ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സലീം എന്‍ജിനീയര്‍, ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍മണി ആന്‍ഡ് പീസ് സ്റ്റഡീസ് ഡയറക്ടര്‍ ഫാ. ഡോ. എം.ഡി. തോമസ്, ഫാ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അധികാരികളും പൊലീസും മൗനികളായി കാഴ്ചക്കാരായി നില്‍ക്കെ കലാപകാരികളും സാമൂഹിക വിരുദ്ധരും പരസ്യമായി ആരാധനാലയങ്ങള്‍ തകര്‍ക്കുകയും അശുദ്ധമാക്കുകയും ചെയ്യുന്നത് പുറത്തുവന്ന അക്രമത്തിന്റെ വിവിധ വിഡിയോകളില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. മതങ്ങളുടെയും വിശ്വാസങ്ങളുടെയും വൈവിധ്യമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്ത്. പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം ശക്തിപ്പെടുത്തിയെങ്കില്‍ മാത്രമേ രാജ്യത്തിന്റെ പുരോഗതിയും ക്ഷേമവും സാധ്യമാകൂ.
എല്ലാ മതങ്ങളുടെയും പ്രതിനിധികളായ സമൂഹത്തില്‍ സമാധാനവും പരസ്പര സ്നേഹത്തിനും ദൈവത്തോട് ഒരുമിച്ച് പ്രാര്‍ഥിക്കുകയാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അക്രമസംഭവങ്ങള്‍ പരസ്പരം സ്നേഹവും സൗഹാര്‍ദവും തകര്‍ക്കുമെന്നും സമൂഹത്തെയും രാജ്യത്തെയും ദുര്‍ബലപ്പെടുത്തുമെന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കി.