ഐപിഎല്‍ 2023ന്റെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങി നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗില്ലിന്റെ ഇന്നിംഗ്സിനൊപ്പം സായി സുദര്‍ശന്‍, വൃദ്ധിമന്‍ സാഹ എന്നിവരുടെ സംഭാവനകളുണ്‍ അവസാന ഓവറുകളില്‍ റഷീദ് ഖാന്റെ പ്രഹരവുമാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.
5 വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറിലാണ് ഗുജറാത്തിന്റെ വിജയം.
179 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് സാഹയും ഗില്ലും ചേര്‍ന്ന് 37 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. കെയിന്‍ വില്യംസണ്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഇംപാക്‌ട് പ്ലേയറായി എത്തിയ സായി സുദര്‍ശനുമായി ഗില്‍ 53 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയപ്പോള്‍ 17 പന്തില്‍ 22 റണ്‍സായിരുന്നു സായി സുദര്‍ശന്‍ നേടിയത്.
ഗില്‍ 36 പന്തില്‍ 63 റണ്‍സ് നേടി പുറത്തായപ്പോള്‍ അതിന് ശേഷം ടീമിനെ വിജയ് ശങ്കര്‍ ആയിരുന്നു പ്രധാന റണ്‍ സ്കോറര്‍. അവസാന മൂന്നോവറില്‍ 30 റണ്‍സായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്.
രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ എറിഞ്ഞ 18ാം ഓവറില്‍ വിജയ് ശങ്കര്‍ ഒരു സിക്സ് പറത്തിയെങ്കിലും താരത്തിനെ അവസാന പന്തില്‍ ഹംഗാര്‍ഗേക്കര്‍ പുറത്താക്കി. ഇതോടെ ഗുജറാത്തിന്റെ വിജയ ലക്ഷ്യം 12 പന്തില്‍ 23 റണ്‍സായി മാറി.
മത്സരത്തില്‍ ചെന്നൈ പിടിമുറുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ദീപക് ചഹാര്‍ എറിഞ്ഞ 19ാം ഓവറില്‍ 15 റണ്‍സ് പിറന്നത്. റഷീദ് ഖാന്‍ ഒരു സിക്സും ഒരു ഫോറും താരത്തിനെതിരെ നേടിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 8 റണ്‍സ് മാത്രമായി.
റഷീദ് ഖാന്‍ 3 പന്തില്‍ 10 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ തെവാത്തിയ 15 റണ്‍സുമായി നിര്‍ണ്ണായക സംഭാവന നല്‍കി.