തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്താനൊരുങ്ങി തൊഴിലാളികൾ. ഒക്ടോബർ ഒന്ന് മുതലാണ് കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ടിഡിഎഫ് വർക്കിംഗ് പ്രസിഡണ്ട് എം വിൻസെൻറ് എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നൽകി.
സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് അനിശ്ചിതകാല തൊഴിലാളികൾ പണിമുടക്കാനുള്ള തീരുമാനവുമായി രംഗത്തെത്തിയത്. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫിൽ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചർചയിൽ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാൽ തൽക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.