ഇൻഡോർ: മാര്‍ക്ക് ഷീറ്റ് വൈകിയതിന്റെ പേരില്‍ പൂര്‍വ വിദ്യാര്‍ത്ഥി തീ കൊളുത്തിയ കോളജ് പ്രിന്‍സിപ്പല്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശർമ (54) ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. പുലര്‍ച്ചെ 4 മണിയോടെയാണ് വിമുക്ത മരണപ്പെട്ടതെന്ന് സഹോദരന്‍ അരവിന്ദ് തിവാരി പറഞ്ഞു. സംഭവത്തിൽ വിമുക്തയ്ക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
ഫെബ്രുവരി 20 നാണ് സിംറോള്‍ നിവാസിയായ പൂർവ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവ (24) തന്റെ ബി ഫാം മാര്‍ക്ക് ഷീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിന് പിന്നാലെ കോളജ് സഹപ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് അവിടെ നിന്ന് ചോയിത്രം ആശുപത്രിയിലേക്ക് മാറ്റി.
കേസിലെ കൃത്യവിലോപം ആരോപിച്ച് ഇന്‍ഡോറിലെ ഒരു പൊലീസ് അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിമുക്ത ശര്‍മ്മയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ശ്രീവാസ്തവയെ ഇന്നലെ കോടതിയില്‍ ഹാജരാക്കുകയും പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഇന്‍ഡോര്‍ ഭരണകൂടം അശുതോഷ് ശ്രീവാസ്തവയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) അനിസരിച്ചുളള നടപടികള്‍ ആരംഭിച്ചു.
‘അന്വേഷണത്തിനിടെ, ഫാര്‍മസി കോളജ് അധികൃതരും വനിതാ പ്രിന്‍സിപ്പലും മറ്റ് ജീവനക്കാരും ശ്രീവാസ്തവയ്ക്കെതിരെ രണ്ട് മൂന്ന് പരാതികള്‍ നല്‍കിയതായി ഞങ്ങള്‍ കണ്ടെത്തി, പ്രതി ആത്മഹത്യാ ഭീഷണിയും മുഴക്കാറുണ്ടായിരുന്നു’ – പൊലീസ് സൂപ്രണ്ട് ഭഗവത് സിംഗ് വിര്‍ഡെ പിടിഐയോട് പറഞ്ഞു.
പ്രതിക്കെതിരെ മുന്‍പും നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നും കുടുംബാംഗങ്ങളും ബിഎം കോളജ് ജീവനക്കാരും ആരോപിച്ചു .പ്രതി മുമ്പ് ഒരു കോളജ് പ്രൊഫസറെ കുത്തി പരിക്കേല്‍പ്പിക്കുകയും ക്യാംപസില്‍ പലതവണ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കോളജ് പ്രിന്‍സിപ്പലിനും പലതവണ ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു.
ചോദ്യം ചെയ്യലില്‍, താന്‍ ഏഴാമത്തെയും എട്ടാമത്തെയും സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയിട്ടുണ്ടെന്നും ഫലം 2022 ജൂലൈയില്‍ വന്നതായും അശുതോഷ് വെളിപ്പെടുത്തി. എന്നിരുന്നാലും പലതവണ ആവശ്യപ്പെട്ടിട്ടും കോളേജ് മാര്‍ക്ക് ഷീറ്റ് നല്‍കിയില്ലെന്നും അശുതോഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് മടങ്ങും വഴി ആക്രമിക്കുകയായിരുന്നു.