കൊച്ചി> വൈപ്പിനില്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
വൈപ്പിന്‍ ബസുകളുടെ നഗര പ്രവേശനത്തിന്‍്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാലു പുതിയ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈപ്പിനില്‍ നിന്നും എറണാകുളത്തിന്‍്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ബസുകളുടെ പ്രവേശനം സാധ്യമാക്കാനായി നിയമ തടസങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ജനുവരി 31ന് ഒരു യോഗം കൂടി ചേരുന്നുണ്ട്. പ്രതിഷേധങ്ങള്‍ വക വെക്കാതെ സമയബന്ധിതമായി നഗര പ്രവേശനം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ഈ പ്രദേശത്ത് 54 ട്രിപ്പുകള്‍ കെഎസ്‌ആര്‍ടിസി നടത്തുന്നുണ്ട്. ഇനിയും ബസുകള്‍ ഇടാന്‍ ഗതാഗത വകുപ്പ് തയ്യാറാണ്. ജനങ്ങളാണ് കെഎസ്‌ആര്‍ടിസി ബസുകളുടെ ഉടമസ്ഥര്‍. ജനങ്ങള്‍ ബസുകളില്‍ കയറിയാല്‍ മാത്രമേ നഷ്ടമില്ലാതെ സര്‍വീസുകള്‍ നടത്താന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് പുതിയ പരിഷ്കാരങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. കെ സ്വിഫ്റ്റ് പദ്ധതി, ബഡ്ജറ്റ് ടൂറിസം പദ്ധതി, ഇലക്‌ട്രിക് ബസുകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. രാജ്യത്തെ പൊതു ഗതാഗത രംഗത്തിന് തന്നെ അഭിമാനമായ ഗ്രാമ വണ്ടി പദ്ധതിയും കേരളത്തിലെ വിവിധ ജില്ലകളില്‍ ആരംഭിച്ചു കഴിഞ്ഞു. ആത്മാര്‍ത്ഥയുള്ള ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ഗോശ്രീ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈപ്പിന്‍കരക്കാരുടെ 18 കൊല്ലത്തെ ആഗ്രഹമാണ് ഇന്ന് സഫലമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസുകളുടെ നഗരപ്രവേശനവും ഉടന്‍ നടപ്പാക്കും. വൈപ്പിന്‍ മേഖലയില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന വിധത്തിലാണ് ഗതാഗത വകുപ്പ് ബസുകള്‍ വിന്യസിച്ചിരിക്കുന്നത്. തീരദേശ ഹൈവേ, അഴീക്കോട് – മുനമ്ബം പാലം തുടങ്ങി തീരദേശ ജനതയ്ക്ക് ഉപകാരപ്രദമായ പദ്ധതികളുടെ നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് രമണി അജയന്‍, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് മേരി വിന്‍സന്റ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, കെഎസ്‌ആര്‍ടിസി മദ്ധ്യമേഖല എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ ടി സെബി, എറണാകുളം ക്ലസ്റ്റര്‍ ഓഫീസര്‍ സാജന്‍ വി. സ്കറിയ, മറ്റു ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.