തിരുവനന്തപുരം: ആശങ്ക വിട്ടൊഴിയാതെ പനിക്കണക്കുകള്‍. പ്രതിദിന വൈറല്‍ പനിക്കണക്ക് കുതിക്കുന്നതിനൊപ്പം എച്ച്1 എൻ1 ഉം ഡെങ്കിപ്പനി കേസും വര്‍ധിക്കുകയാണ്.
ഒമ്ബത് പേരാണ് ജൂണില്‍ മാത്രം എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. ഇതുവരെ 171 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 402 പേര്‍ക്കാണ് ഈ വര്‍ഷം രോഗം കണ്ടെത്തിയത്. ഡെങ്കിപ്പനിയെയും (ആറ്) എലിപ്പനിയെയും (അഞ്ച്) അപേക്ഷിച്ച് ജൂണില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എച്ച്1 എൻ1 ബാധിച്ചാണ്. നാലു ദിവസം മുമ്ബുവരെ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ എച്ച്1 എന്‍1 വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. ജൂണ്‍ 23 മുതലാണ് ആരോഗ്യവകുപ്പ് വെബ്സൈറ്റ് വഴി എച്ച്1 എന്‍1 കണക്ക് പരസ്യപ്പെടുത്തിത്തുടങ്ങിയത്. 2023ല്‍ സംസ്ഥാനത്ത് എച്ച്1 എന്‍1 ബാധിച്ച് 23 പേരാണ് മരിച്ചത്.
ഡെങ്കിപ്പനിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ച 3218 ഡെങ്കിപ്പനിക്കേസുകളില്‍ 1523 ഉം ജൂണിലാണ്. ആറു മരണവും ഈ മാസം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 55 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കൊല്ലത്താണ് കൂടുതല്‍; 16 പേര്‍. 14 കേസുള്ള ആലപ്പുഴയാണ് പിന്നില്‍. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ എല്ലായിടത്തും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 262 പേര്‍ ഡെങ്കിപ്പനി സംശയവുമായി ചികിത്സതേടി. 129 പേര്‍ക്ക് ഈ മാസം എലിപ്പനി സ്ഥിരീകരിച്ചു.
പ്രതിദിന പനിബാധിതരുടെ എണ്ണം 15500 ന് മുകളിലാണ്. 2804 പേര്‍ രോഗബാധിതരായ മലപ്പുറത്താണ് കൂടുതല്‍. എറണാകുളം (1528) രണ്ടാമതും. വിവിധ ജില്ലകളിലായി ഇരുന്നൂറോളം പേരെയാണ് ആശുപത്രികളില്‍ കിടത്തി ചികിത്സ നടത്തിയത്.
പനിബാധിതര്‍ കൂടിയതോടെ പല സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞുകവിയുകയാണ്. ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടേതാണ്. എന്നാല്‍, നല്ലൊരു ശതമാനം പേര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്. ഇവരുടെ കൃത്യമായ കണക്ക് ലഭ്യവുമല്ല. മഴക്കാലപൂര്‍വ ശുചീകരണം കൃത്യമായി നടത്തുന്നതിലെ വീഴ്ചയാണ് പകര്‍ച്ചപ്പനി വര്‍ധിക്കാൻ കാരണമെന്ന ആരോപണവും ശക്തമാണ്.