സൗദി അറേബ്യന്‍ എണ്ണ ഭീമനായ സൗദി അറേബ്യ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദി ആരാംകോ ഇന്ത്യയിലെ കമ്പനികളുമായി നിക്ഷേപ ചർച്ചയിലാണെന്നാണ് സൗദി അരാംകോയുടെ ലിക്വിഡ്സ് ടു കെമിക്കൽസ് ഡെവലപ്‌മെൻ്റ് സീനിയർ വൈസ് പ്രസിഡൻ്റ് ഫൈസൽ ഫക്കീർ വ്യക്തമാക്കിയത്. “ഇന്ത്യൻ കമ്പനികളിലെ നിക്ഷേപം സംബന്ധിച്ച ചില പ്രഖ്യാപനങ്ങൾ നിങ്ങള്‍ക്ക് ഉടന്‍ തന്നെ കാണാനാകും” ഗോവയിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ പങ്കെടുത്തുകൊണ്ട് ഫൈസൽ ഫക്കീർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതിക്കാരും ഒപെകിന്റെ നെടും തൂണുമായ സൗദി അറേബ്യ തങ്ങളുടെ ക്രൂഡിന് പുതിയ വിപണികൾ സുരക്ഷിതമാക്കുന്നതിനായി ഏഷ്യയിലുടനീളമുള്ള ശുദ്ധീകരണ പ്ലാറ്റുകളിലും പെട്രോകെമിക്കലുകളിലും നിക്ഷേപം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലേയും നിക്ഷേപം.
2018-ൽ, സൗദി അരാംകോയും അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ 1.2 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ പ്രതിദിനം (ബിപിഡി) ശുദ്ധീകരിക്കുന്ന തീരദേശ റിഫൈനറിയും പെട്രോകെമിക്കൽ പ്ലാൻ്റും സ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് ആലോചിച്ചിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ പൂർത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പദ്ധതി നടപ്പിലായില്ല.
കഴിഞ്ഞ വർഷം ഒപ്പെക്കും സഖ്യകക്ഷികളുമായുള്ള കരാറിൻ്റെ ഭാഗമായി ഉൽപ്പാദനം വെട്ടിക്കുറച്ചതിന് ശേഷം, സൗദി അറേബ്യ ഏകദേശം 9 ദശലക്ഷം ബിപിഡിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. നിലവില്‍ ഏകദേശം 12 ദശലക്ഷം ബിപിഡി ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി സൗദി അറേബ്യക്കുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ, സൗദി അറേബ്യയിലെ അരാംകോ അതിൻ്റെ പ്രധാന എണ്ണ വിതരണക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ആസൂത്രിതമായ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (എസ്പിആർ) പരിപാടിയുടെ ഭാഗമായേക്കുമെന്ന് കഴിഞ്ഞ വർഷം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, 2027-ന് മുമ്പ് എണ്ണ ഉപഭോഗത്തില്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമത് എത്തുമെന്നാണ് ഇൻ്റർനാഷണൽ എനർജി ഏജൻസി വ്യക്തമാക്കുന്നത്. പാരീസ് ആസ്ഥാനമായുള്ള ഏജൻസി, ഗോവയിലെ ഇന്ത്യ എനർജി വീക്കിൽ പുറത്തിറക്കിയ പ്രത്യേക ഇന്ത്യൻ ഓയിൽ മാർക്കറ്റ് ഔട്ട്‌ലുക്ക് ടു 2030 റിപ്പോർട്ടിൽ, രാജ്യത്തിൻ്റെ എണ്ണ ആവശ്യകത 2023-ൽ പ്രതിദിനം 5.48 ദശലക്ഷം ബാരലിൽ നിന്ന് 2030-ൽ 6.64 ദശലക്ഷം ബിപിഡി ആയി ഉയരുമെന്നാണ് വ്യക്തമാക്കുന്നത്.