തിരുവനന്തപുരം: ഇന്ത്യയുടെ 75 ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുമെന്ന് സിപിഎം. ആഗസ്റ്റ് 1 മുതൽ 15 വരെ അഖിലേന്ത്യാ തലത്തിലെ ആഘോഷ ഭാഗമായി കേരളത്തിലും സിപിഎം വിപുലമായ പരിപാടികൾ നടത്തും. സ്വാതന്ത്ര്യദിനത്തിൽ എല്ലാ പാർട്ടി ഓഫീസിലും ദേശീയ പതാക ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാർട്ടിയുടെ നേതൃത്വത്തിൽ സ്വാതന്ത്യ സമര സേനാനികളെ ആദരിക്കുമെന്നും അന്തിമ തീരുമാനം സിപിഐയുമായി ആലോചിച്ചിട്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.വാർത്താ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
മുൻമന്ത്രി തോമസ് ഐസക്കിനെതിരായ ഇഡി നോട്ടീസിൽ അദ്ദേഹം രൂക്ഷ വിമർശനമുയർത്തി. ഇഡി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്നു. കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ കയറൂരി വിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കിഫ്ബിയെ തകർക്കുകയും വികസന പദ്ധതികൾ സ്തംഭിപ്പിക്കുകയുമാണ് കേന്ദ്ര ലക്ഷ്യം.നിയമപരമായും, രാഷ്‌ട്രീയമായും ഇതിനെ നേരിടും.ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
മാധ്യമം പത്രത്തിനെതിരായ കെടി ജലീലിന്റെ കത്തിനെ കോടിയേരി തള്ളി.കത്ത് കൊടുത്തത് പാർട്ടിയോട് ചോദിച്ചിട്ടല്ല. മാധ്യമം പത്രത്തിനെതിരെ നടപടി വേണമെന്നത് സിപിഎം നിലപാടല്ലെന്നും പാർട്ടി ഒരു പത്രത്തെയും നിരോധിക്കണമെന്നാവശ്യപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽഡിഎഫ് സെക്രട്ടറി ഇപി ജയരാജനെതിരായ ഇൻഡിഗോയുടെ യാത്രാവിലക്ക് വിഷയത്തിലും സിപിഎം നിലപാട് വ്യക്തമാക്കി.കമ്പനി സ്വീകരിച്ചത് ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രിയെ അക്രമിക്കുമ്പോൾ തടയുന്നത് കുറ്റമാണ് എന്ന നിലയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.അത്തരം സമീപനങ്ങൾ ബന്ധപ്പെട്ടവർ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.