1960ലെ സിന്ധു നദീ ജല കരാറിൽ പരിഷ്‌കരണം ആവശ്യപ്പെട്ട് പാക്കിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ. കരാർ നടപ്പക്കുന്നതിൽ പാക്കിസ്ഥാൻ കാണിക്കുന്ന അലംഭാവം ചോദ്യം ചെയ്താണ് നോട്ടീസ്. ജനുവരി 25ന് സിന്ധു നദീജല കമ്മീഷണർമാർ വഴിയാണ് നോട്ടീസ് നൽകിയത്.
ഉടമ്പടി കരാറിൽ വരുത്തിയ ലംഘനങ്ങൾ പരിഹരിക്കാൻ പാക്കിസ്ഥാന് 90 ദിവസത്തിനുള്ളിൽ ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടുന്നതിന് അവസരമൊരുക്കുന്നതാണ് ഈ നോട്ടീസ്. ഒമ്പത് വർഷത്തെ ചർച്ചകൾക്ക് ശേഷം 1960 സെപ്റ്റംബറിൽ ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജല ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നു.
നിരവധി നദികളിലെ ജലത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും വിവര കൈമാറ്റവും ആണ് ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സിന്ധു നദിജല കരാർ
സിന്ധു നദീശൃംഖലയിലെ ജലം പാക്കിസ്ഥാനുകൂടി ലഭ്യമാക്കുന്ന കരാറാണ് സിന്ധു നദീജലവിനിയോഗ കരാർ. 1960 സെപ്റ്റംബർ 19നു പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും പാക്ക് പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയിൽവച്ചാണ് കരാർ ഒപ്പിട്ടത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച കരാർ പ്രകാരം ബിയാസ്, റാവി, സത്‌ലജ് നദികളിലെ വെള്ളത്തിന്റെ പൂർണനിയന്ത്രണം ഇന്ത്യക്കും സിന്ധു, ചിനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്.