തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സി ജോസഫ് എംഎൽഎ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾ തരംതാഴ്ന്നതെന്ന് കെ സി ജോസഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.ഉമ്മൻ ചാണ്ടിയുമായി പിണറായി വിജയനെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിമർശനങ്ങൾ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും കെ സി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി ഇത്രയും തരംതാഴാമോ ? ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ വിമർശകൻ പോലും ‘പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ‘ ഒരു പോലെയാണെന്നു പറയില്ല. ആർദ്രതയും കാരുണ്യവുമായി ആളുകളോട് ഇടപഴകുന്ന ഉമ്മൻ ചാണ്ടിയും,ജനങ്ങളിൽ നിന്നും സ്വയം ഒറ്റപ്പെട്ടു ആർക്കും പ്രാപ്യനല്ലാത്ത പിണറായിയും തമ്മിൽ എന്ത് താരതമ്യം? ദീർഘവീക്ഷണത്തോടെ വികസനോന്മുഖമായി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഓഫീസും, വികസനം ‘കൺസൾട്ടൻസിയുടെ’അഴിമതിയിൽ മുക്കിയ പിണറായി വിജയൻ്റെ ഓഫീസുമായി എന്ത് സാമ്യം? ആർക്കും അടുത്ത് ചെന്ന് ആവലാതി പറയാൻ കഴിയുന്ന ഉമ്മൻ ചാണ്ടിയും, ഭരണകക്ഷി എം എൽ എമാർ പോലും കാണാൻ ഭയപ്പെടുന്ന പിണറായി വിജയനും തമ്മിലെന്ത് പൊരുത്തം എന്നും കെ സി ജോസഫ് ചോദിക്കുന്നു.