വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ യുജിസിയുടെ അനുമതി നിർബന്ധം

0
67

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ അനുമതി തേടണമെന്ന് യുജിസി കരട് മാർഗരേഖ. യുജിസി അനുമതിയോടെ മാത്രമേ വിദേശ സര്‍വകലാശാലകള്‍ക്ക് ഇനി മുതൽ ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാൻ കഴിയൂ. തുടക്കത്തിൽ 10 വർഷത്തേക്കായിരിക്കും യുജിസി അനുമതി നൽകുക എന്നും പാനൽ ചെയർപേഴ്‌സൺ എം. ജഗദേഷ് കുമാർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് കാമ്പസുകളുള്ള വിദേശ സർവകലാശാലകൾക്ക് നേരിട്ടുള്ള മുഴുവന്‍ സമയ കോഴ്‌സുകള്‍ക്കു മാത്രമേ അനുമതി നല്‍കുകയുള്ളൂ. ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അനുമതിയില്ല എന്നും വ്യക്തമാക്കി. കൂടാതെ ഇത്തരം സർവ്വകലാശാലകൾക്ക് സ്വന്തമായ പ്രവേശന യോഗ്യതകളും ഫീസ് ഘടനയും നിശ്ചയിക്കാവുന്നതാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്കൊപ്പം വിദേശ വിദ്യാർത്ഥികൾക്കും ആ കാമ്പസുകളിൽ പഠിക്കാൻ അവസരമുണ്ട്.

എന്നാൽ വിദേശ സർവകലാശാലകൾ സ്വന്തം രാജ്യത്ത് നൽകുന്ന അതേ ഗുണനിലവാരത്തിൽ തന്നെ ഇന്ത്യൻ കാമ്പസുകളിലും പ്രവർത്തിക്കണം. വിദേശ ക്യാമ്പസിന് തുല്യമായാണ് ഇവിടെ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. എന്നാൽ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിനായുള്ള വിദേശ വരുമാനം സ്വീകരിക്കുന്നത്‌ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് അനുസരിച്ചായിരിക്കുമെന്നും യുജിസി ചെയര്‍മാന്‍ കൂട്ടിച്ചേർത്തു.

കൂടാതെ ലോകത്തിലെ തന്നെ മികച്ച സർവകലാശാലകളുടെ റാങ്കിംഗ് പ്രകാരം ആദ്യ 500ല്‍പെടുന്ന വിദേശ സര്‍വകലാശാലകള്‍ക്കാണ് ഇന്ത്യയിൽ ക്യാമ്പസ് തുറക്കാന്‍ അനുമതി. വിദേശ ഫാക്കല്‍റ്റി ചുരുങ്ങിയത് രണ്ടു സെമസ്റ്റര്‍ കാലമെങ്കിലും ഇന്ത്യയില്‍ ഉണ്ടാവണമെന്നും വ്യവസ്ഥയുണ്ട്. സ്ത്രീ സുരക്ഷയും റാഗിംഗും സംബന്ധിച്ചുള്ള സംസ്ഥാന യുജിസി മാർഗനിർദേശങ്ങളും ക്യാമ്പസുകൾ പാലിക്കേണ്ടിവരും.

അതേസമയം കരടു മാര്‍ഗനിര്‍ദേശങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് അഭിപ്രായങ്ങൾ അറിയിക്കാം. ഇത് കണക്കിലെടുത്ത് അന്തിമ മാർഖരേഖ മാസാവസാനത്തോടെ അറിയിക്കുമെന്നും യുജിസി അറിയിച്ചു. കൂടാതെ ഒമ്പതാം വര്‍ഷം സര്‍വകലാശാലയുടെ പ്രവർത്തനം വിലയിരുത്തിയാകും പത്താം വര്‍ഷം തുടര്‍ന്ന്‌ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുക. ഇതിനായുള്ള ചില നിബന്ധനകള്‍ പിന്നീട്‌ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം യു.ജി.സിയുടെ അനുമതിയില്ലാതെ വിദേശസര്‍വകലാശാലകള്‍ രാജ്യത്ത്‌ കാമ്പസുകള്‍ സ്‌ഥാപിക്കരുതെന്നും കരടു നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ വിദേശ സര്‍വകലാശാലകള്‍ക്ക്‌ ഓണ്‍ലൈനായി അപേക്ഷ നല്‍കാം 45 ദിവസത്തിനുള്ളില്‍ ഈ അപേക്ഷകൾ പരിഗണിച്ച്‌ യു.ജി.സി അനുമതി നല്‍കും. ഈ സർവകലാശാലകൾക്ക് ഇന്ത്യയില്‍ നിന്നും പുറത്തു നിന്നും അധ്യാപകരെ തിരഞ്ഞെടുക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ യുജിസി അനുമതി ലഭിച്ചു കഴിഞ്ഞാൽ രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കണമെന്ന് നിർദ്ദേശമുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ നാലര ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആണ് വിദേശ പഠനത്തിന് പോയതെന്നാണ് സര്‍ക്കാര്‍ കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശ സർവകലാശാലകൾ ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നതോടെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് വലിയ രീതിയിൽ പ്രയോജനകരമാകും എന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here